തൃശൂർ- പീഡനക്കേസിൽ സസ്‌പെൻഷനിലായ സി.ഐ പരാതിക്കാരിയായ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. തിരുവില്വാമല സ്വദേശിയായ ആർ.ശിവശങ്കരനാണ് പട്ടിപ്പറമ്പ് തോട്ടിൻപള്ളക്കു സമീപം വെച്ച് ഇയാൾക്കെതിരെ പീഡനത്തിനു പരാതി നൽകിയ യുവതിയുടെ
സ്‌കൂട്ടറിൽ ഇന്നോവ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
പരിക്കേറ്റ പാലക്കാട് സ്വദേശിനിയായ യുവതി ആലത്തൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് സി.ഐ മഹേന്ദ്ര സിംഹൻ പറഞ്ഞു.
2018 ൽ ശിവശങ്കരൻ പാലക്കാട് നോർത്ത് സി.ഐ ആയിരിക്കുമ്പോഴാണ് യുവതിയുടെ പരാതിയെത്തുടർന്ന് സസ്‌പെൻഷനിലായത്. യുവതിയെ കാറിടിപ്പിച്ചു തെറിപ്പിച്ച ശേഷം ഒളിവിൽ പോയ ശിവശങ്കരനെതിരെ വധശ്രമത്തിന് കേസെടുത്തതായി കേസ് അന്വേഷിക്കുന്ന സി.ഐ പറഞ്ഞു.