കണ്ണൂർ - വടക്കെ മലബാറിലെ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിവെക്കുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതിയിലെ ആദ്യ ആഢംബര ബോട്ട് തയാറായി. മയ്യിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോയൽ ഡെവലപ്‌മെന്റ് കോ-ഓപ്. ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഈ ആഢംബര ബോട്ട് സർവീസിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം രംഗത്തെ വികസന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് 2017 ൽ ആരംഭിച്ച റോയൽ ടൂർസ്, 50 ലക്ഷം രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് ട്രാവലർ ബോട്ട് നിർമിച്ചത്.
സർക്കാർ ഉടമസ്ഥതയിലുള്ള കണ്ണൂർ അഴീക്കലിലെ സിൽക്കാണ് പൂർണമായും ശീതീകരിച്ച ഈ ബോട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. ബോട്ടിനകത്ത് 30 പേർക്കും മുകൾത്തട്ടിൽ 10 പേർക്കും യാത്ര ചെയ്യാം. വളപട്ടണം പുഴയിൽ അഴീക്കൽ മുതൽ പറശ്ശിനിക്കടവ് വരെയാണ് ആദ്യഘട്ടത്തിൽ യാത്രകൾ സംഘടിപ്പിക്കുക. ആറു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് ഉദ്ദേശിക്കുന്നത്. വളപട്ടണം പുഴയിലെ ദ്വീപുകളും ചെറു തുരുത്തുകളും കണ്ടൽ കാടുകളും അടക്കമുള്ളവ സഞ്ചാരികൾക്ക് പുതിയ അനുഭവമാകും. ഇതിന് പുറമെ പുഴയിൽ കുളിക്കാനും ചൂണ്ടയിടാനുള്ള സൗകര്യവും നൽകും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ കണ്ണൂരിന്റെ അറിയാത്ത സൗന്ദര്യം കാട്ടിക്കൊടുക്കാനും ടൂറിസം രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ടി.കെ.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.