Sorry, you need to enable JavaScript to visit this website.

ബ്രദർഹുഡ് സംഘത്തിലെ 60 പേർ കുവൈത്തിൽ ഒളിവിൽ

കുവൈത്ത് സിറ്റി - ഈജിപ്തിൽനിന്ന് രക്ഷപ്പെട്ട മുസ്‌ലിം ബ്രദർഹുഡ് സംഘത്തിലെ 60 പേർ കൂടി കുവൈത്തിൽ ഒളിച്ചുകഴിയുന്നതായി ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഭീകരവാദ, അട്ടിമറി കേസുകളിൽ ഈജിപ്ഷ്യൻ കോടതി ശിക്ഷിച്ച ബ്രദർഹുഡ് പ്രവർത്തകർ കുവൈത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. കേസിൽ കോടതി വിധി പുറത്തുവരികയും ഇന്റർപോൾ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതിനു മുമ്പാണ് പ്രതികൾ കുവൈത്തിലേക്ക് രക്ഷപ്പെട്ടത്. കേസിൽ കോടതി ശിക്ഷ വിധിക്കുമെന്ന് ഉറപ്പായതോടെ പ്രതികൾ കുവൈത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. 
ഈജിപ്ഷ്യൻ കോടതി ശിക്ഷിച്ച എട്ടു ബ്രദർഹുഡ് പ്രവർത്തകരെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അടുത്തിടെ അറസ്റ്റ് ചെയ്ത് ഈജിപ്തിന് കൈമാറിയിരുന്നു. കോടതി ശിക്ഷ വിധിച്ചതോടെ തിരിച്ചറിയപ്പെടാതിരിക്കുന്നതിന് വ്യാജ പേരുകളാണ് ഇവർ കുവൈത്തിൽ ഉപയോഗിച്ചിരുന്നത്. തങ്ങൾക്കെതിരെ കോടതി ശിക്ഷ പ്രഖ്യാപിച്ച കാര്യം കുവൈത്തിലെ സ്‌പോൺസർമാർക്ക് അറിയില്ലായിരുന്നെന്ന് പ്രതികൾ സമ്മതിച്ചു. 
ഈജിപ്ഷ്യൻ പ്രസിഡന്റും ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുർസിയെ അധികാര ഭ്രഷ്ടനാക്കിയതിനു പിന്നാലെ രാജ്യത്ത് ഉടലെടുത്ത അക്രമാസക്ത പ്രതിഷേധ പ്രകടനങ്ങളിലും അട്ടിമറി ശ്രമങ്ങളിലും പങ്കെടുത്ത കേസിലാണ് ബ്രദർഹുഡ് പ്രവർത്തകരെ കോടതി ശിക്ഷിച്ചത്. ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായതോടെ പ്രതികളിൽ ചിലർ നേരിട്ട് കുവൈത്തിലേക്ക് രക്ഷപ്പെട്ടു. മറ്റു ചിലർ തുർക്കി വഴിയാണ് കുവൈത്തിലെത്തിയത്. തുർക്കിയിലെ മൂന്നു ബ്രദർഹുഡ് നേതാക്കളാണ് ഇവരെ കുവൈത്തിലേക്ക് രക്ഷപ്പെടുന്നതിന് സഹായിച്ചത്. 
2017 ഓഗസ്റ്റ് വരെ കുവൈത്തിൽ കഴിഞ്ഞിരുന്ന ഈജിപ്ഷ്യൻ ബ്രദർഹുഡ് നേതാവ് അലി നൗഫലുമായി ബന്ധപ്പെട്ടാണ് കുവൈത്തിലേക്ക് രക്ഷപ്പെടുന്നതിന് പ്രതികൾ സാഹചര്യമൊരുക്കിയത്. അലി നൗഫൽ കുവൈത്തിലെ ഏതാനും സ്‌പോൺസർമാരുമായി ബന്ധപ്പെട്ട് 68 ബ്രദർഹുഡ് പ്രവർത്തകർക്ക് വിസകളും തൊഴിലും സംഘടിപ്പിച്ച് നൽകുകയായിരുന്നു. ഇക്കൂട്ടത്തിൽ പെട്ട എട്ടു പേരെയാണ് കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് ഈജിപ്തിന് കൈമാറിയത്. ഇനിയും 60 പേർ കൂടി കുവൈത്തിൽ ഒളിച്ചുകഴിയുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 
2013 ലെ ഭീകര, അട്ടിമറിശ്രമ കേസിൽ കോടതി വിധി പുറത്തുവരുന്നതിനു മുമ്പായി 2014 ആദ്യത്തിലാണ് പ്രതികൾ ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇക്കൂട്ടത്തിൽ ചിലർ കുവൈത്തിൽ വ്യാപാര മേഖലയിലും മറ്റു ചിലർ കോൺട്രാക്ടിംഗ് മേഖലയിലുമാണ് ജോലി ചെയ്തിരുന്നത്. കേസിൽ കോടതി ശിക്ഷിച്ചതോടെ തിരിച്ചറിയപ്പെടാതിരിക്കുന്നത് മക്കളുടെ പേരു കൂട്ടിയുള്ള വിളിപ്പേരാണ് ഇവർ ഉപയോഗിച്ചിരുന്നത്. 
ഈജിപ്തിലെ കുടുംബങ്ങൾക്ക് നേരിട്ട് പണം അയച്ചുനൽകരുതെന്നും കുവൈത്തിലെ ഈജിപ്ഷ്യൻ വ്യവസായികൾ മുഖേന വളഞ്ഞ വഴിയിലൂടെ പണം കുടുംബങ്ങളിൽ എത്തിക്കണമെന്നും പ്രതികൾക്ക് ബ്രദർഹുഡ് നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ കുടുംബാംഗങ്ങളല്ലാത്ത ഈജിപ്ഷ്യൻ വ്യവസായികൾ കുവൈത്തിൽ നിന്ന് അയക്കുന്ന പണം ബ്രദർഹുഡ് പ്രവർത്തകർ സ്വീകരിച്ച് പ്രതികളുടെ കുടുംബങ്ങൾക്ക് കൈമാറുന്നതായി സുരക്ഷാ വകുപ്പുകൾ നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. 


 

Latest News