Sorry, you need to enable JavaScript to visit this website.

സൗദികളെ പിരിച്ചുവിടുന്നതിനെതിരെ  സ്വകാര്യ മേഖലക്ക് മുന്നറിയിപ്പ്

റിയാദ് - സൗദി ജീവനക്കാരെ പിരിച്ചുവിടുന്നതിന് തൊഴിൽ നിയമത്തിലെ ഏതെങ്കിലും വകുപ്പുകൾ ദുരുപയോഗിക്കുന്നതിനെതിരെ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദികളെ പിരിച്ചുവിടുന്നതിന് ഏതെങ്കിലും വകുപ്പുകൾ ദുരുപയോഗിക്കുന്നതിന് അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. 
സൗദിവൽക്കരണ പദ്ധതിയുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നോട്ടു പോകും. ഏതാനും തൊഴിൽ മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കും. ചില തൊഴിലുകളും ഇതേപോലെ പൂർണമായും സൗദിവൽക്കരിക്കും. നാഷണൽ ലേബർ പോർട്ടൽ മന്ത്രാലയം പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ഒഴിവുള്ള തസ്തികകളെ കുറിച്ച് പോർട്ടലിൽ പരസ്യപ്പെടുത്തൽ നിർബന്ധമാണ്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഈ ജോലികൾ സ്വീകരിക്കുന്നതിന് സന്നദ്ധരായ സൗദികളെ കിട്ടാനില്ലാത്ത പക്ഷം മാത്രമാണ് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് തൊഴിൽ വിസകൾ അനുവദിക്കുക. 
തൊഴിൽ നിയമത്തിലെ 77-ാം വകുപ്പ് ദുരുപയോഗം ചെയ്ത് ചില പ്രശസ്ത കമ്പനികൾ സൗദി ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചത്. 
നിയമാനുസൃതമായ നഷ്ടപരിഹാരം നൽകി ജീവനക്കാരെ പിരിച്ചുവിടുന്നതിന് അടുത്ത കാലത്ത് പരിഷ്‌കരിച്ച തൊഴിൽ നിയമത്തിലെ 77-ാം വകുപ്പ് സ്വകാര്യ മേഖലയെ അനുവദിക്കുന്നുണ്ട്. ചില വൻകിട കമ്പനികൾ അടക്കമുള്ള സ്ഥാപനങ്ങൾ ഈ വകുപ്പ് പ്രയോജനപ്പെടുത്തി സൗദികളെ കൂട്ടത്തോടെ പിരിച്ചുവിടാൻ തുടങ്ങിയത് വലിയ കോലാഹലം ഉയർത്തിയിരുന്നു. തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങൾ സൗദികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് വിലക്കി. കൂട്ടത്തോടെ അല്ലാത്ത നിലക്ക് സൗദികളെ പിരിച്ചുവിടുന്നതിന് ഇപ്പോഴും നിയമം സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നുണ്ട്. 
ലാഭകരമായി പ്രവർത്തിക്കുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ സൗദി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിദേശ ജീവനക്കാരെ നിലനിർത്തിയാണ് സ്ഥാപനങ്ങൾ സൗദികളെ പിരിച്ചുവിട്ടത്. ഇതേ കുറിച്ച പരാതികളുമായി സൗദി ജീവനക്കാർ മുന്നോട്ടു വന്നതോടെയാണ് നിയമത്തിലെ വകുപ്പുകൾ ദുരുപയോഗിച്ച് സൗദികളെ പിരിച്ചുവിടുന്നതിന് അനുവദിക്കില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്. ആശ്രിത ലെവി നിലവിൽ വന്നതോടെ വിദേശ ജീവനക്കാരെ നിലനിർത്തുന്നതിനായി ലെവി വഹിക്കാമെന്ന് ചില കമ്പനികൾ അവരെ അറിയിച്ചിട്ടുണ്ട്. ആശ്രിത ലെവി മൂലം സൗദിയിലെ സേവനം മതിയാക്കി വിദേശികൾ തിരിച്ചുപോകുന്നത് തടയുന്നതിനാണ് ലെവി വഹിക്കാമെന്ന വാഗ്ദാനം സ്ഥാപനങ്ങൾ നൽകുന്നത്. 
 

Tags

Latest News