ബദിയടുക്ക- പശുക്കളെ കടത്തിയെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെയും സഹായിയെയും അക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റിലായി. ബജ്റംഗ്ദള്‍ നേതാവ് കര്‍ണാടക ബണ്ട്വാള്‍ കല്ലടുക്ക ഹനുമാന്‍ നഗര്‍ മുലറു വീട്ടിലെ അക്ഷയ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ ബദിയടുക്ക പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്.
എന്‍മകജെ അടുക്കസ്ഥലയിലെ ഗണേഷ് (23), സായയിലെ രാഗേഷ് (21) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ ആറംഗ സംഘമാണ് അക്രമം നടത്തിയത്. പിടികിട്ടാനുള്ള മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ബദിയടുക്ക എസ്ഐ വി.കെ. അനീഷ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 24ന് പുലര്‍ച്ചെയാണ് എന്‍മകജെ
മഞ്ചനടുക്കത്ത് പശുക്കളുമായി വരികയായിരുന്ന പിക്കപ്പ് തടഞ്ഞുനിര്‍തതി കര്‍ണാടക പുത്തൂര്‍ സ്വദേശികളായ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ് (30) എന്നിവരെ ആക്രമിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ തട്ടിയെടുത്തു. രണ്ട് പശുവും ഒരു കിടാവും അടങ്ങുന്ന വാഹനവുമായി പോയ അക്രമികള്‍ കര്‍ണാടക വിട്ട്ലയില്‍ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.