വടകര- ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത പോലീസ് സബ് ഇന്‍സ്പക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് റൂറല്‍ എ.ആര്‍ ക്യാമ്പിലെ എസ്.ഐ മൂടാടി ചിങ്ങപുരം അമ്മു ഹൗസില്‍ ജി.എസ്.അനിലിനെ (53) യാണ് വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. ഇയാളെ അന്വേഷണ വിധേയമായി എസ്.പി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി ഇതേക്കുറിച്ച് റൂറല്‍ എസ്.പി ക്ക് 2017 ജൂണില്‍ പരാതി നല്‍കിയിരുന്നു. എസ്.പി പരാതി പയ്യോളി സ്റ്റേഷനില്‍ അന്വേഷണത്തിന് വിടുകയായിരുന്നു. അനിലാണ് അന്ന് പയ്യോളി എസ്.ഐ. അഭിഭാഷകനേയും മറ്റും ഏര്‍പ്പാടാക്കി സഹായങ്ങള്‍ ചെയ്ത എസ്.ഐ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കേസ് അന്വേഷണത്തിനെന്ന വ്യാജേന തലശേരിയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും അവിടെനിന്ന് പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നും പറയുന്നു. അഞ്ചുവയസ്സുകാരനായ മകനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇക്കഴിഞ്ഞ 27 ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ ലിസ്റ്റ് എടുക്കാനെന്ന് പറഞ്ഞ് കൊയിലാണ്ടിയില്‍ എത്തിക്കുകയും അവിടെ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ നാട്ടുകാര്‍ പോലീസിലറിയിക്കുകയുമായിരുന്നു. ഇതിനിടയില്‍ യുവതിയെ മര്‍ദിച്ചതായും പറയുന്നു. പിങ്ക് പോലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റി. പോലീസ് മൊഴിയെടുത്തതോടെയാണ് പീഡന കഥ പുറത്താവുന്നത്. വിവരമറിഞ്ഞ വടകര ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം പയ്യോളിയിലെത്തി എസ്.ഐയെ ചോദ്യം ചെയ്തു. പയ്യോളി എസ്.ഐ എ.ആര്‍.ബിജുവും സംഘവും എസ്.ഐയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ യുവതി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ഒരു പോലീസുകാരനെ എസ്.ഐ ഭീഷണിപ്പെടുത്തി പണം തട്ടിയതായും പറയുന്നു. യുവതി പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണത്രെ ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ വാങ്ങിയത്. പല തവണ സ്വഭാവ ദൂഷ്യത്തിന് നടപടിക്ക് ഇയാള്‍ വിധേയനായതായി പോലീസ് പറയുന്നു.
മര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന യുവതിയെ എസ്. ഐയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മൂന്നു പേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. മൊഴി മാറ്റിപ്പറയാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.