ജിദ്ദ- കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദിയ കാറ്ററിംഗ് കമ്പനിയിലെ വനിതാ ജീവനക്കാരുടെ കുട്ടികളെ പരിചരിക്കുന്നതിനുള്ള ശിശുപരിപാലന കേന്ദ്രം സൗദിയ കാറ്ററിംഗ് കമ്പനി തുറന്നു. സൗദി ജീവനക്കാരികള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടും സൗദിയ കാറ്ററിംഗ് കമ്പനിയിലെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്തുമാണ് കമ്പനി ആദ്യത്തെ ശിശുപരിചരണ കേന്ദ്രം തുറന്നത്. സൗദിയ കാറ്ററിംഗ് കമ്പനി സി.ഇ.ഒ വജ്ദി അല്‍ഗബ്ബാന്‍ ശിശുപരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ജിദ്ദ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഉസാം ഫുവാദ് നൂര്‍, സൗദിയക്കു കീഴിലെ ശാഖാ കമ്പനി സി.ഇ.ഒമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമ്പനിയിലെ സൗദി വനിതാ ജീവനക്കാരികളുടെ എണ്ണം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് ശിശുപരിചരണ കേന്ദ്രം സഹായിക്കുമെന്ന് വജ്ദി അല്‍ഗബ്ബാന്‍ പറഞ്ഞു. സുരക്ഷിതമായ സാഹചര്യത്തില്‍ വനിതാ ജീവനക്കാരികളുടെ കുട്ടികള്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷെ തുറന്നത്. എല്ലാ സേവനങ്ങളും പരിചരണങ്ങളും നല്‍കുന്ന ശിശുപരിചരണ കേന്ദ്രം പ്രത്യേക പരിശീലനം സിദ്ധിച്ച സംഘമാണ് പ്രവര്‍ത്തിപ്പിക്കുക. മനഃസ്സമാധാനത്തോടെ ജോലി നിര്‍വഹിക്കുന്നതിന് ശിശുപരിചരണ കേന്ദ്രം വനിതാ ജീവനക്കാരികളെ സഹായിക്കും.
ലാഭം മാത്രം മോഹിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയല്ല സൗദിയ കാറ്ററിംഗ് കമ്പനി. സൗദിവല്‍ക്കരണം, വിഷന്‍ 2030 പദ്ധതിക്കും ദേശീയ പരിവര്‍ത്തന പദ്ധതിക്കും അനുസൃതമായി വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കല്‍ അടക്കമുള്ള തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും വജ്ദി അല്‍ഗബ്ബാന്‍ പറഞ്ഞു. സൗദിയ കാറ്ററിംഗ് കമ്പനി ആതിഥേയ സേവനങ്ങളും എയര്‍പ്പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാനങ്ങളിലും ട്രെയിനുകളിലും ചില്ലറ വില്‍പന സേവനങ്ങളും നല്‍കുന്നു. ഹജ്, ഉംറ മേഖലയിലും കമ്പനി കാറ്ററിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.