റിയാദ്- ഹൂത്തികള്‍ തൊടുത്ത മിസൈല്‍ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിച്ചതായി അറബ് സഖ്യസേന സ്ഥിരീകരിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രി 11.35 നാണ് സംഭവമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ച് ആര്‍ക്കും പരിക്കില്ലെന്ന് ഉറപ്പവരുത്തിയതായും കേണല്‍ മാലിക്കിയെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഹൂത്തികള്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സൗദിയിലെ സിവിലയന്‍ കേന്ദ്രങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയക്കുന്നത് തുടരുകയാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സഖ്യസേനക്ക് തകര്‍ക്കാന്‍ കഴിയുന്നതിലാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.