Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 31 കമ്പനികൾക്ക് ബില്യൺ റിയാൽ വരുമാനം

റിയാദ് - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 31 കമ്പനികൾ ഈ വർഷം രണ്ടാം പാദത്തിൽ ബില്യൺ റിയാലിലേറെ വരുമാനം നേടി. റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ ഒഴികെ ആകെ 169 കമ്പനികളാണ് സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം പാദത്തിൽ ബില്യൺ റിയാലിലേറെ വരുമാനം നേടിയ കമ്പനികളുടെ എണ്ണം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 18 ശതമാനം മാത്രമാണെങ്കിലും രണ്ടാം പാദത്തിൽ സൗദി കമ്പനികൾ നേടിയ ആകെ വരുമാനത്തിന്റെ 82.3 ശതമാനവും ഈ കമ്പനികളുടെ വകയാണ്. 
ഏറ്റവും കൂടുതൽ വരുമാനം നേടിയത് സാബിക് ആണ്. രണ്ടാം പാദത്തിൽ സാബിക് 3590 കോടി റിയാൽ വരുമാനം നേടി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ നേടിയ ആകെ വരുമാനത്തിന്റെ 21.2 ശതമാനവും സാബിക്കിന്റെ വിഹിതമാണ്. രണ്ടാം സ്ഥാനത്തുള്ള സൗദി ഇലക്ട്രിസിറ്റി കമ്പനി 1650 കോടി റിയാൽ വരുമാനം നേടി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ നേടിയ ആകെ വരുമാനത്തിന്റെ 9.8 ശതമാനം സൗദി ഇലക്ട്രിസിറ്റി കമ്പനി പങ്കാണ്. മൂന്നാം സ്ഥാനത്തുള്ള സൗദി ടെലികോം കമ്പനി 1360 കോടി റിയാൽ വരുമാനം നേടി. കമ്പനികൾ ആകെ നേടിയ വരുമാനത്തിന്റെ എട്ടു ശതമാനം എസ്.ടി.സിയുടെ വിഹിതമാണ്. 
നാലാം സ്ഥാനത്തുള്ള പെട്രോറാബിഗ് 900 കോടി റിയാലും അഞ്ചാം സ്ഥാനത്തുള്ള സവോള ഗ്രൂപ്പ് 900 കോടി റിയാലും വരുമാനം നേടി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 16 എണ്ണം രണ്ടാം പാദത്തിൽ 50 കോടി റിയാൽ മുതൽ 99 കോടി റിയാൽ വരെ റിയാൽ വരുമാനം നേടി. ഇവ അടക്കം ആകെ 47 കമ്പനികൾ 50 കോടിയിലേറെ റിയാൽ വരുമാനം നേടി. 122 കമ്പനികളുടെ വരുമാനം 50 കോടിയിൽ കുറവായിരുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സൗദി കമ്പനികളിൽ 28 ശതമാനം 50 കോടിയിലേറെയും 72 ശതമാനം 50 കോടിയിൽ കുറവും വരുമാനമാണ് രണ്ടാം പാദത്തിലുണ്ടാക്കിയത്. 
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 169 കമ്പനികൾ രണ്ടാം പാദത്തിൽ ആകെ 16,930 കോടി റിയാലാണ് വരുമാനം നേടിയത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തിൽ സൗദി കമ്പനികളുടെ വരുമാനത്തിൽ 4.2 ശതമാനം കുറവ് രേഖപ്പെടുത്തി. 2018 രണ്ടാം പാദത്തിൽ സൗദി കമ്പനികൾ ആകെ 17,682 കോടി റിയാൽ വരുമാനം നേടിയിരുന്നു.
 

Latest News