റിയാദ് - സൗദി അറേബ്യയുടെ പക്കലുള്ള കരുതൽ സ്വർണശേഖരം 323.07 ടൺ ആയി ഉയർന്നതായി അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കി. അറബ് ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ളത് സൗദിയിലാണ്.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 15 ാം സ്ഥാനത്താണ്. അറബ് ലോകത്ത് രണ്ടാം സ്ഥാനത്ത് ലബനോൻ ആണ്. ലബനോനിൽ 268.8 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ലബനോൻ 19 ാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ള ആദ്യത്തെ ഇരുപത് രാജ്യങ്ങളുടെ പട്ടികയിൽ മറ്റു അറബ് രാജ്യങ്ങളൊന്നുമില്ല.
ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ളത് അമേരിക്കയുടെ പക്കലാണ്. അമേരിക്കയിൽ 8,133.53 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. രണ്ടാം സ്ഥാനത്തുള്ള ജർമനിയുടെ പക്കലുള്ള കരുതൽ സ്വർണ ശേഖരത്തിന്റെ ഇരട്ടിയിലേറെ കരുതൽ സ്വർണ ശേഖരം അമേരിക്കയുടെ പക്കലുണ്ട്. ജർമനിയുടെ പക്കൽ 3367.95 ടൺ കരുതൽ സ്വർണ ശേഖരമാണുള്ളത്.
ഇറ്റലിയുടെ പക്കൽ 2451.85 ടൺ സ്വർണത്തിന്റെയും നാലാം സ്ഥാനത്തുള്ള ഫ്രാൻസിന്റെ പക്കൽ 2436.06 ടൺ സ്വർണത്തിന്റെയും അഞ്ചാം സ്ഥാനത്തുള്ള റഷ്യയുടെ പക്കൽ 2207.01 ടൺ സ്വർണത്തിന്റെയും ആറാം സ്ഥാനത്തുള്ള ചൈനയുടെ പക്കൽ 1916.29 ടൺ സ്വർണത്തിന്റെയും ഏഴാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലാന്റിന്റെ പക്കൽ 1040.91 ടൺ സ്വർണത്തിന്റെയും കരുതൽ ശേഖരമുണ്ട്. ലോകത്ത് ഏഴു രാജ്യങ്ങളുടെ പക്കലാണ് ആയിരം ടണ്ണിൽ കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ളത്.
എട്ടാം സ്ഥാനത്തുള്ള ജപ്പാനിൽ 765.22 ടണ്ണും ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യയുടെ പക്കൽ 617.17 ടണ്ണും പത്താം സ്ഥാനത്തുള്ള ഹോളണ്ടിന്റെ പക്കൽ 612.46 ടണ്ണും പതിനൊന്നാം സ്ഥാനത്തുള്ള തുർക്കിയുടെ പക്കൽ 506.91 ടണ്ണും പന്ത്രണ്ടാം സ്ഥാനത്തുള്ള തായ്‌വാന്റെ പക്കൽ 423.64 ടണ്ണും പതിമൂന്നാം സ്ഥാനത്തുള്ള പോർച്ചുഗലിന്റെ പക്കൽ 382.54 ടണ്ണും പതിനാലാം സ്ഥാനത്തുള്ള കസാക്കിസ്ഥാന്റെ പക്കൽ 375.34 ടണ്ണും പതിനഞ്ചാം സ്ഥാനത്തുള്ള സൗദി അറേബ്യയുടെ പക്കൽ 323.07 ടണ്ണും പതിനാറാം സ്ഥാനത്തുള്ള ബ്രിട്ടന്റെ പക്കൽ 323.07 ടണ്ണും പതിനേഴാം സ്ഥാനത്തുള്ള സ്‌പെയിനിന്റെ പക്കൽ 310.29 ടണ്ണും പതിനെട്ടാം സ്ഥാനത്തുള്ള ഓസ്ട്രിയയുടെ പക്കൽ 279.99 ടണ്ണും പത്തൊമ്പതാം സ്ഥാനത്തുള്ള ലബനോന്റെ പക്കൽ 268.84 ടണ്ണും ഇരുപതാം സ്ഥാനത്തുള്ള ബെൽജിയത്തിന്റെ പക്കൽ 227.4 ടണ്ണും കരുതൽ സ്വർണ ശേഖരമുള്ളതായി അന്താരാഷ്ട്ര നാണയ നിധി കണക്കുകൾ വ്യക്തമാക്കുന്നു.