റിയാദ് - ഏഴു വാഹന പരിശോധന കേന്ദ്രങ്ങളുടെ (മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ സെന്റർ) കൂടി പ്രവൃത്തി സമയം ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഹായിൽ, അൽഖർജ്, തബൂക്ക്, യാമ്പു, ജിസാൻ, നജ്‌റാൻ, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയമാണ് രാത്രി 11 വരെ ദീർഘിപ്പിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി 11 വരെയും ശനിയാഴ്ച രാത്രി പത്തു വരെയും കേന്ദ്രങ്ങൾ പ്രവർത്തിക്കും.
വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീർഘിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ രണ്ടു ഘട്ടങ്ങൾ നേരത്തെ നടപ്പാക്കിയിരുന്നു.
റിയാദിൽ ദമാം റോഡിൽ പ്രവർത്തിക്കുന്ന വാഹന പരിശോധനാ കേന്ദ്രം, ദീറാബ് റോഡിൽ പ്രവർത്തിക്കുന്ന വാഹന പരിശോധനാ കേന്ദ്രം, ഉത്തര ജിദ്ദയിൽ അൽനുസ്ഹ, ദക്ഷിണ ജിദ്ദയിൽ അൽശിഫാ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വാഹന പരിശോധനാ കേന്ദ്രങ്ങൾ, മക്ക, മദീന, ദമാം, അബഹ, അൽഖസീം, ഹുഫൂഫ്, തായിഫ് വാഹന പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവൃത്തി സമയമാണ് ആദ്യ രണ്ടു ഘട്ടങ്ങളിൽ ദീർഘിപ്പിച്ചത്.
പുതുതായി ഏഴു കേന്ദ്രങ്ങളുടെ കൂടി പ്രവൃത്തി സമയം ദീർഘിപ്പിച്ചതോടെ രാത്രി 11 വരെ തുറന്നു പ്രവർത്തിക്കുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം പതിനെട്ടായി ഉയർന്നു. സൗദി പൗരന്മാർക്കും വിദേശികൾക്കും എളുപ്പത്തിലും പ്രയാസരഹിതമായും വാഹന പരിശോധന പൂർത്തിയാക്കുന്നതിന് അവസരമൊരുക്കുന്നതിന് ലക്ഷ്യമിട്ടാണ് വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ചിരിക്കുന്നത്.