തിരുവനന്തപുരം- നരേന്ദ്ര മോഡിയെ ന്യായീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണം തേടിയ കെപിസിസിക്ക് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി വിശദമായ മറുപടി നല്‍കി. തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച തരൂര്‍ മോഡിയെ സ്തുതിച്ചുള്ള തന്റെ ഏതെങ്കിലും ഒരു പ്രസ്താവനയെങ്കിലും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു നല്‍കിയ മറുപടിയില്‍ വെല്ലുവിളിക്കുകയും ചെയ്തു. താന്‍ മോഡിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളിയുടെ മെയില്‍ വായിച്ച് അമ്പരന്നെന്നും തരൂര്‍ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ജയ്‌റാം രമേശും അഭിഷേക് സിങ്വിയും നടത്തിയ പ്രസ്താവനകളെ പിന്തുണച്ച് ഒരു ട്വീറ്റ് ചെയ്തത് വളച്ചൊടിച്ച് വാര്‍ത്തയാക്കുകയായിരുന്നുവെന്ന അദ്ദേഹം പറഞ്ഞു.
"പ്രധാനമന്ത്രി മോഡിയെ ന്യായീകരിക്കാന്‍ ഞാന്‍ ശ്രമിച്ചുവെന്ന് താങ്കള്‍ വിശ്വസിക്കുന്നുവെന്നറിഞ്ഞത് എന്നില്‍ അമ്പരപ്പുണ്ടാക്കി. ഈ രീതിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന താങ്കള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ സന്തോഷം, കാരണം ഞാനങ്ങിനെ ചെയ്തിട്ടില്ല. മറിച്ച് എനിക്കു പറയാനുള്ളത് ഇക്കഴിഞ്ഞ ലോക് സഭാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ ഒന്നു പരിശോധിക്കാനാണ്. നമ്മുടെ ഭരണഘടനയുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും സത്തയ്‌ക്കെതിരായി മോഡി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ഓരോ ബില്ലും ചര്‍ച്ചയ്ക്കു വന്നപ്പോള്‍ മോഡി സര്‍ക്കാരിനെതിരെ സംസാരിക്കാനും പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാനും ഞാന്‍ നടത്തിയ പരിശ്രമത്തിന്റെ 10 ശതമാനമെങ്കിലും നടത്തിയ കേരളത്തില്‍ നിന്നുള്ള ഒരു നേതാവിനെ എങ്കിലും എനിക്കു കാണിച്ചു തരണം. അമ്പതിലേറെ തവണ ഞാന്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍ ഇടപെട്ടു. ദൃഢവിശ്വാസത്തോടെയും ധൈര്യത്തോടെയും 17 ബില്ലുകള്‍ക്കെതിരെ സംസാരിച്ചു. കേരളത്തില്‍ നിന്നും എന്റെ വിമര്‍ശകരില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്തതായി അവകാശപ്പെടാനുണ്ടോ? ഇക്കഴിഞ്ഞ ലോക്‌സഭയില്‍ നിങ്ങളോടൊപ്പം ഇരുന്നപ്പോള്‍ ഞാനെടുത്ത നിലപാടില്‍ നിന്നു ഞാന്‍ മലക്കം മറിഞ്ഞെന്ന് ഇവിടെ ആര്‍ക്കാണ് വിശ്വാസ്യതയോടെ ആരോപണമുന്നയിക്കാന്‍ സാധിക്കുക?"
"തെരഞ്ഞെടുക്കപ്പെട്ട ഒരു കോണ്‍ഗ്രസ് എംപി എന്ന നിലയിലുള്ള ജോലികള്‍ക്കു പുറമെ ഒരു എഴുത്തുകാരന്‍ എന്ന നിലയിലുള്ള എന്റെ വിശ്വാസ്യതയും എഴുതാനുള്ള കഴിവും മോഡി സര്‍ക്കാരിനെതിരെ സമഗ്രമായി തന്നെ വിജയകരമായി ഒരു വിമര്‍ശനം പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ ഞാനെഴുതിയിട്ടുണ്ട്. മോഡിയെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കാന്‍ നോക്കുന്ന ഒരാളുടെ രചന അല്ല ഇത്. ഇതിനെ എല്ലാം കുറിച്ച് താങ്കള്‍ അറിയാം. പിന്നെ എന്തിനാണ് ഈ മുറവിളി?" - കത്തില്‍ തരൂര്‍ പറയുന്നു.