Sorry, you need to enable JavaScript to visit this website.

പ്രളയ കാലത്തെ  വൈറൽ ചാരിറ്റി 

ഏതൊരു ദുരന്ത സമയത്തും അതിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അറിയാൻ, ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ പോസ്റ്റുകളാണ് മലയാളികൾ പൊതുവെ ആശ്രയിക്കാറുള്ളത്. അത്രയ്ക്കും വിശദമായും വിവരിച്ചും അദ്ദേഹം എഴുതുന്നു എന്നതാണ് ഈ വിശ്വാസ്യതക്ക് അടിസ്ഥാനം. മലയാള മാധ്യമങ്ങൾക്ക് വലിയൊരു വിവര ശേഖരണമാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ. 
ഇതിനിടയിലും ദുരന്ത മുഖത്ത് പ്രവർത്തിക്കുന്നവർക്കിടയിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾ ചിലപ്പോൾ ആശങ്ക പടർത്താറുണ്ട്. ദുരന്ത മുഖത്ത് ഭക്ഷണ പദാർത്ഥങ്ങളോ, സാധന സാമഗ്രികളോ അല്ല ആവശ്യം, മറിച്ചു പണമാണ് വേണ്ടത് എന്ന ഒട്ടുമിക്ക പോസ്റ്റുകളിലുമുള്ള നിർദേശമാണ് ഈ ആശങ്കക്ക് അടിസ്ഥാനം. 
കേരളത്തെ പിടിച്ചു കുലുക്കിയ രണ്ടാം പ്രളയ ദുരന്തത്തോടനുബന്ധിച്ച് പോസ്റ്റിൽ ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ ദുരന്ത ബാധിത പ്രദേശത്തിന്റെ സമീപ പ്രദേശങ്ങളിൽ ലഭ്യമാകുമെന്നും പ്രാദേശിക സമ്പദ് വ്യവസ്ഥ ഭദ്രമാകൻ അതാണ് ശരിയായ മാർഗം എന്നുമാണ് അദ്ദേഹം വിവരിക്കുന്നത്. വേഷ, രുചി വൈവിധ്യവും പ്രതികൂല കാരണമാകുന്നു എന്നും അദ്ദേഹം പറയുന്നു. 
പ്രളയാനന്തരം വയനാട്ടിലും നിലമ്പൂരിലും നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വീക്ഷിച്ചാൽ മുരളി തുമ്മാരുകുടിയുടെ അനുഭവ ജ്ഞാനം എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസ്സിലാകും. കയറിക്കിടക്കാൻ കിടപ്പാടം ഇല്ലാത്തവന് ഡ്യുറോഫഌക്‌സിന്റെ മെത്ത, സിലിണ്ടർ ഇല്ലാതെ ഗ്യാസ് അടുപ്പ്, കറണ്ട് ഇനിയും കിട്ടാക്കനി ആയവർക്ക് മിക്‌സിയും ഗ്രൈൻഡറും. ടെലിഫോണും ടെലിവിഷനും ചെറിയൊരു വിഭാഗത്തിനെങ്കിലും ആർഭാടം ആയത് നന്നായി. ഇല്ലേൽ അതും ഇടം പിടിക്കുമായിരുന്നു. ഏകോപനങ്ങളുടെ കുറവും ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നവരുടെ അഭാവവും ശരിയായി തന്നെ പ്രകടമായിരുന്നു എന്ന് സാരം. ആവശ്യത്തിൽ കൂടുതൽ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും പലർക്കും ലഭിച്ചു എന്ന് പ്രാഥമിക ഫോട്ടോകളിൽ നിന്ന് തന്നെ വ്യക്തം. പലരെയും വസ്ത്രങ്ങൾ അടിച്ചേൽവിക്കുന്ന രംഗങ്ങൾ പോലും പല വീഡിയോകളിലും കാണാമായിരുന്നു.   
അനാവശ്യമായി അല്ലെങ്കിൽ അമിതമായി നൽകി എന്നല്ല പറഞ്ഞുവരുന്നത്. വിദഗ്ധരുടെ അഭിപ്രായങ്ങളെയും നിർദേശങ്ങളെയും പാടെ അവഗണിച്ചുള്ള കാട്ടിക്കൂട്ടലുകൾ, ഒരു നാടിനെ ശരിയായ രീതിയിൽ കൈ പിടിച്ചുയർത്തുന്നതിനു വിഘാതമായി എന്നാണ്. ഇടനിലക്കാർ ഇല്ലാതെ ആവശ്യക്കാരിലേക്ക് നേരിട്ടെത്തിച്ചു എന്നാണ് ഇതിനു കണ്ടെത്തിയ ന്യായീകരണം. ഒറ്റ രാത്രി കൊണ്ട് ഇരയായി മാറിയവന്റെ കൂടെ നിന്നൊരു സെൽഫി അല്ലെങ്കിൽ ഒരിക്കലും മാറാത്ത, ആദിവാസികളുടെ ദൈന്യം നിറഞ്ഞ ആ മുഖങ്ങൾ  ഒരിക്കൽ കൂടി പുറംലോകത്ത് എത്തിച്ചു എന്നല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായതായി തോന്നുന്നില്ല. നിങ്ങൾ നേരിട്ടെത്തിച്ച ആ ആധുനിക ഉപകരണങ്ങൾ എല്ലാം തന്നെ, നിങ്ങൾ ഭയക്കുന്ന ഇടനിലക്കാർ തുഛവില നൽകി കാട് കടത്തിയിട്ടുണ്ടാകും. 
പ്രളയ കാലത്തെ ആശ്വാസ പ്രവർത്തനങ്ങൾ എല്ലാം വൈറൽ ചാരിറ്റി ആയിരുന്നു എന്നൊന്നും ഇതിനർത്ഥമില്ല. ചിലതെങ്കിലും അങ്ങനെ തന്നെ ആയിരുന്നു എന്ന് പറയാതിരിക്കാനും വയ്യ. ആവശ്യക്കാരിലേക്ക് നേരിട്ടെത്തിച്ചു എന്ന് പറയുമ്പോൾ, സർക്കാർ സംവിധാനങ്ങൾ ഒന്നും കുറ്റമറ്റ രീതിയിൽ അല്ല പ്രവർത്തിക്കുന്നത് എന്നൊരു പരോക്ഷ ധ്വനിയും നൽകുന്നുണ്ട്. 
രാഷ്ട്രീയവും ഭരണപക്ഷ സ്വാധീനവും ഉദ്യോഗസ്ഥ ലോബികളും സർക്കാർ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടാവാം. എന്ന് കരുതി സർക്കാർ സംവിധാനങ്ങൾക്ക് സമാന്തരമായി പ്രവർത്തിച്ചേ തീരൂ എന്ന പിടിവാശി ഒരു നിലക്കും അനുകൂലിക്കാവുന്ന ഒന്നല്ല. 
ആവശ്യക്കാരിലേക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ എങ്കിലും നാം സഹകരിച്ചേ തീരൂ.

Latest News