Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്‌കൂള്‍ കാന്റീനുകളില്‍ ശീതള പാനീയങ്ങള്‍ വിലക്കി

റിയാദ് - സ്‌കൂൾ കാന്റീനുകളിൽ ശീതള പാനീയങ്ങളും എനർജി ഡ്രിങ്കുകളും വിലക്കി. പഴസ്സത്ത് മുപ്പതു ശതമാനത്തിൽ കുറഞ്ഞ മധുരപാനീയങ്ങളും പൊട്ടാറ്റോ ചിപ്‌സും മിഠായിയും സാദാ ചോക്കലേറ്റും വിൽക്കുന്നതും റിയാദ് വിദ്യാഭ്യാസ വകുപ്പ് വിലക്കി. ഇറച്ചി, കരൾ എന്നിവ ചേർത്ത സാന്റ്‌വിച്ചുകളും വിലക്കിയിട്ടുണ്ട്.

ഓട്ടോമാറ്റിക് രീതിയിൽ പേക്ക് ചെയ്ത പാൽ, ഫ്രഷ് പഴങ്ങൾ, പ്രകൃതിദത്തമായ ജ്യൂസുകൾ, മുപ്പതു ശതമാനത്തിൽ കുറയാത്ത പഴസ്സത്തുകൾ അടങ്ങിയ, കളർ പദാർത്ഥങ്ങൾ ചേർക്കാത്ത ബോട്ടിൽ ജ്യൂസുകൾ, പാൽക്കട്ടിയും മുട്ടയും തേനും മറ്റും ചേർത്ത അടകൾ എന്നിവയാണ് സ്‌കൂൾ കാന്റീനുകളിൽ വിൽക്കാൻ അനുമതിയുള്ളത്. 


വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്താൻ കാന്റീനുകളിൽ ആരോഗ്യ വ്യവസ്ഥകളും മറ്റു വ്യവസ്ഥകളും പാലിക്കണമെന്ന് കാന്റീൻ നടത്തിപ്പ് ഏറ്റെടുത്തവരോടും സ്‌കൂൾ പ്രിൻസിപ്പൽമാരോടും റിയാദ് വിദ്യാഭ്യാസ വകുപ്പ് മേധാവി ഹമദ് അൽവുഹൈബി ആവശ്യപ്പെട്ടു. 
കാന്റീനുകളിലെ സജ്ജീകരണങ്ങളുടെ റിപ്പയർ ജോലികൾ നിരീക്ഷിക്കുന്നതിനും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് പര്യാപ്തമായത്ര ഭക്ഷണ പാനീയങ്ങൾ ലഭ്യമാക്കുന്നതിനും സ്‌കൂൾ കാന്റീൻ കമ്മിറ്റികൾ ഫലപ്രദമായി പ്രവർത്തിക്കണം. കാന്റീനുകളിൽ വിൽക്കുന്ന ഭക്ഷണ പാനീയങ്ങളുടെ വില പൊതുവിപണിയിലെ വിലക്ക് അനുസൃതമാണെന്നും ആരോഗ്യ വ്യവസ്ഥകൾക്ക് നിരക്കുന്ന ഭക്ഷണ പാനീയങ്ങൾ ലഭ്യമാക്കുന്നതും ഉറപ്പു വരുത്തണം. 
സ്‌കൂൾ പ്രവൃത്തി ദിവസം മുഴുവൻ സമയത്തും കാന്റീനുകൾ തുറന്ന് പ്രവർത്തിപ്പിക്കണം. കാന്റീനുകളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്. 

Latest News