കോഴിക്കോട് - ഈ വർഷത്തെ എം.ബി.ബി.എസ് അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ പുതുതായി നടപ്പിലാക്കിയ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി സർക്കാരിലെ 10% സംവരണം കടുത്ത സാമൂഹിക അനീതിയായി മാറിയെന്ന് എം.എസ്.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
മുസ്‌ലിം സംവരണത്തിലെ അവസാനത്തെ റാങ്ക് നമ്പർ 1417 ആണെങ്കിൽ ഇ.ഡബ്ല്യു.യു.എസ് കാറ്റഗറിയിൽ അലോട്ട്‌മെന്റ് ലഭിച്ച അവസാനത്തെ റാങ്ക് നമ്പർ 8461 ആണ്. മൊത്തം സീറ്റിന്റെ 50% വരുന്ന സംവരണ സീറ്റിലേക്ക് വിവിധ പിന്നോക്ക സമുദായങ്ങൾക്ക് നിശ്ചിത അനുപാതത്തിലാണ് സംവരണം നടപ്പിലാക്കി വരുന്നത്. എന്നാൽ ഇ.ഡബ്ല്യു.യു.എസ് വിഭാഗത്തിൽ നടപ്പിലാക്കിയപ്പോൾ മൊത്തം സീറ്റിന്റെ പത്ത് ശതമാനമായി മാറി.
പിന്നോക്ക സമുദായത്തിലെ 500 മാർക്ക് നേടിയ വിദ്യാർഥിക്ക് അലോട്ട്‌മെന്റ് ലഭിക്കാതിരിക്കുകയും 480 മാർക്ക് നേടിയ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥിക്ക് അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഫലത്തിൽ ഇവിടെ നടന്നിട്ടുള്ളത് മുന്നോക്ക സമുദായ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ്.
ആയതിനാൽ മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള സംവരണത്തിലെ അപാകതകൾ തിരുത്തുകയും ഇ.ഡബ്ല്യു.യു.എസ് സംവരണം പിന്നോക്ക സംവരണ സീറ്റുകളിലെ എണ്ണത്തിന്റെ പത്ത് ശതമാനമായി നിജപ്പെടുത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി അബ്ദുറഹീം, പി.സൈനുൽ ആബിദ്, ആർ.പി അഷറഫ്, പാലക്കണ്ടി ഹസ്സൻകോയ, സി.പി.എം സഈദ് അഹമ്മദ്, പ്രൊഫ. എം.അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.