ദുബായ്- ചെക്ക് കേസില്‍ യു.എ.ഇയില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ തകൃതി. കേസ് പിന്‍വലിക്കാന്‍ നാസില്‍ ആവശ്യപ്പെടുന്നത് മുപ്പത് ലക്ഷം ദിര്‍ഹമാണെന്ന് അറിയുന്നു. (ആറു കോടിയോളം രൂപ). ഇതിന്റെ പകുതി തുക മാത്രം നല്‍കാം എന്നതാണ് തുഷാറിന്റെ നിലപാട്.
നാസില്‍ ആവശ്യപ്പെടുന്ന തുക കൂടുതലാണ് എന്നാണ് തുഷാര്‍ കരുതുന്നത്. ഇത്രയും വലിയ തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്ക് ഉണ്ടായിരുന്നില്ല എന്ന് തുഷാര്‍ പറയുന്നു. പരമാവധി മൂന്നര കോടി രൂപ നല്‍കാം എന്നാണ് തുഷാര്‍ അറിയിച്ചിരിക്കുന്നത്. മുപ്പത് ലക്ഷം ദിര്‍ഹം കിട്ടാതെ പരാതി പിന്‍വലിക്കില്ല എന്ന് നാസില്‍ തുഷാറിനെ അറിയിച്ചു.
തുഷാറിന്റെ ബിസിനസ് സുഹൃത്തുക്കളും നാസിലിന്റെ ബിസിനസ് സുഹൃത്തുക്കളും തുകയുടെ കാര്യത്തില്‍ ധാരണയില്‍ എത്തുന്നതിനുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നത്.
നാസില്‍ ആവശ്യപ്പെടുന്ന ആറു കോടി രൂപ നല്‍കാനാവില്ല എന്നതില്‍ തുഷാറും മൂന്നരക്കോടി സ്വീകാര്യമല്ല എന്നതില്‍ നാസിലും ഉറച്ചു നില്‍ക്കുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി യു.എ.ഇ വിടാന്‍ കഴിഞ്ഞാല്‍ കേസിനെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ തുഷാര്‍ ആലോചിക്കുന്നത്. യൂ.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു നാട്ടിലേക്ക് പോകാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അജ്മാന്‍ കോടതിയില്‍ ഇത് ചെറുക്കാന്‍ നാസില്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മൂന്നരക്കും ആറിനുമിടയിലുളള ഒരു തുകയിലേക്ക് ഇരൂകൂട്ടരും എത്തിച്ചേരുമെന്നാണ് കരുതുന്നത്.