തിരുവനന്തപുരം - മോട്ടിവേഷൻ ക്ലാസെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഭിന്നശേഷിക്കാരൻ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഷിഹാബുദ്ദീൻ തന്റെ സമ്പാദ്യത്തിൽ നിന്നും മാറ്റിവെച്ച വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
തന്റെ വയ്യായ്ക വകവെക്കാതെ മലപ്പുറത്തു നിന്നും തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് തുക കൈമാറിയത്. മന്ത്രി കെ.ടി ജലീലും ഷിഹാബുദ്ദീന്റെ ബാപ്പയും അനുജനും ഒപ്പമുണ്ടായിരുന്നു. ബാപ്പയും അനുജനും എടുത്ത് പൊക്കിയാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഷിഹാബുദ്ദീനെ എത്തിച്ചത്.
ഭിന്നശേഷിക്കാരനായ ഇദ്ദേഹം പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷമാണ് മോട്ടിവേഷൻ ക്ലാസ് എടുക്കാൻ തുടങ്ങിയത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഷിഹാബുദ്ദീൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ ആയിരത്തോളം ക്ലാസുകൾ ഇതുവരെ കൈകാര്യം ചെയ്തിട്ടുണ്ട്.
സുതാര്യമായ ദുരിതാശ്വാസ നിധി വിവാദമാക്കുന്നതിനെതിരെ പ്രതികരിക്കാൻ വേണ്ടി കൂടിയാണ് നേരിട്ട് മലപ്പുറത്തു നിന്ന് ഇവിടെ എത്തി തുക കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ തലം മുതൽ ബോധവൽക്കരണം നൽകണമെന്നാണ് ഷിഹാബുദ്ദീന്റെ ആഗ്രഹം.
ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് -1330468 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് -ഒരു കോടി രൂപ. കേരള പോലീസ് അസോസിയേഷൻ -പത്തു ലക്ഷം രൂപ. മന്ത്രി കെ.ടി.ജലീലും ഭാര്യ എം.പി.ഫാത്തിമക്കുട്ടിയും ഓരോ ലക്ഷം രൂപ വീതം നൽകി. കേരള ടെയിലറിംഗ് വർക്കേഴ്‌സ് ഫെൽഫയർ ഫണ്ട് ബോർഡ് -പത്തു ലക്ഷം. മലപ്പുറം ജില്ലാ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) -മൂന്നു ലക്ഷം. എംപ്ലോയീസ് ഓഫ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ - 830000. റെയ്ഡ്‌കോ - രണ്ടു ലക്ഷം രൂപ. ഐ.സി.ഐ.സി.ഐ ബാങ്ക് -പത്തു ലക്ഷം രൂപ. കണ്ണൂർ സഹകരണ ഹോസ്പിറ്റൽ സൊസൈറ്റി -അഞ്ചു ലക്ഷം രൂപ. കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി -അഞ്ചു ലക്ഷം രൂപ.
ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് -അഞ്ചു ലക്ഷം രൂപ. എറണാകുളം ജില്ലാ അഗ്രി-ഹോർട്ടികൾച്ചർ സൊസൈറ്റി -അഞ്ചു ലക്ഷം രൂപ. വടക്കാഞ്ചേരി മങ്കര നമ്പ്രത്ത് വീട്ടിൽ വി.എ. ചന്ദ്രിക -നാലു സ്വർണ വളകൾ.
മലപ്പുറം മുട്ടന്നൂർ പടന്നപ്പുറത്തു വീട്ടിൽ സനീഷ്, ശ്രീഷ എന്നിവരും എടപ്പാൾ പൊറുക്കര കരിപ്പാലി വീട്ടിൽ രാഹുൽ, രശ്മി എന്നിവരും ഓരോ സ്വർണ മോതിരം വീതവും നൽകി.