Sorry, you need to enable JavaScript to visit this website.

വരിക്കച്ചക്കയുടെ മണം 

നാട്ടിൽനിന്ന് വിമാനം കയറുമ്പോൾ മൽബു രണ്ടു പെട്ടികളും ഒരുമിച്ചാണ് കൊടുത്തിരുന്നതെങ്കിലും ചക്കയും മാങ്ങയും പാക്ക് ചെയ്തിരുന്ന പെട്ടിയെത്താൻ പിന്നെയും വൈകി. ബോക്‌സിൽനിന്ന് പുറത്തേക്ക് തള്ളിയുള്ള ചക്കയുടെ വരവ് കൺവെയർ ബെൽറ്റിനു ചുറ്റും കാത്തുനിന്നിരുന്ന എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു. വരിക്കച്ചക്കയുടെ മണം പരക്കുകയും ചെയ്തിരുന്നു. പെട്ടി ഭദ്രമായി ഒട്ടിച്ചിരുന്നുവെങ്കിലും എല്ലാവരുടേയും ദൃഷ്ടി പതിഞ്ഞു കൊണ്ടുവരാനായിരുന്നു ചക്കയുടെ വിധി. 
ഫൈനൽ എക്‌സിറ്റിൽ പോകുമ്പോൾ കൊണ്ടുപോയിരുന്ന അമേരിക്കൻ ടൂറിസ്റ്റർ പെട്ടിയിലാണ് വസ്ത്രങ്ങൾ വെച്ചിരുന്നത്. അതിൽ സ്ഥലമുണ്ടായിരുന്നുവെങ്കിലും ചക്കയും മാങ്ങയും വേറെ തന്നെ കാർഡ് ബോർഡ് പെട്ടിയിൽ പാക്ക് ചെയ്യുകയായിരുന്നു.
നാട്ടിൽ പോകുന്ന പലർക്കും പെട്ടി കെട്ടാൻ സഹായിച്ചിരുന്ന മൽബു അക്കാര്യത്തിൽ ഒരു വിദഗ്ധനായിരുന്നു. അതുകൊണ്ടു തന്നെ കൂട്ടുകാരും നാട്ടുകാരും പെട്ടി കെട്ടാൻ മൽബുവിനെ കാത്തുനിൽക്കുമായിരുന്നു. സാധനങ്ങളെല്ലാം റെഡിയാക്കിയ ആൾക്ക് അത് നിറച്ചു കെട്ടുന്നതിന് മൽബുവിനെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. 
മടിയാണ് പലരേയും മറ്റുള്ളവരെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. പത്തിരുപത് വർഷമായി കടൽ കടന്നിട്ടും പെട്ടി കെട്ടാൻ അറിയില്ല എന്നതു നാണക്കേടല്ലേ. കെട്ടിക്കൊണ്ടിരിക്കുമ്പോൾ പലരോടും ഇതു ചോദിച്ചിട്ടുണ്ട്. മൽബു കെട്ടിയാലേ കെട്ടാകൂ എന്നാണ് പലരും സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. 
സാങ്കേതിക സർട്ടിഫിക്കറ്റ് മാത്രമല്ല, ഇൻഫർമേഷൻ സർട്ടിഫിക്കറ്റും നൽകാറുണ്ടായിരുന്നു ചിലർ. ഏതൊക്കെ സാധനങ്ങൾ ലഗേജിൽ വിടാം, ഏതൊക്കെ ഒഴിവാക്കണം, ഹാൻഡ് ബാഗേജിൽ എന്തൊക്കെ കൊണ്ടുപോകാം തുടങ്ങിയ കാര്യങ്ങളിലൊക്കെ മൽബു അപ്‌ഡേറ്റാണെന്നായിരുന്നു അവരുടെയൊക്കെ വിചാരം. മൽബു കെട്ടിയതാണെങ്കിൽ പിന്നൊന്നും നോക്കാനില്ല എന്നായിരുന്നു പൊതു സമ്മതി. 
എത്ര പെട്ടി കെട്ടിയെന്നതിന് മൽബുവിന്റെ പക്കൽ കണക്കൊന്നുമില്ല. കണക്ക് വെച്ചിരുന്നെങ്കിൽ 5000 പെട്ടി കെട്ടി എന്നൊക്കെ പറഞ്ഞ് പത്രങ്ങളിൽ കൊടുക്കാമായിരുന്നു. മയ്യിത്ത് പെട്ടി നാട്ടിലെത്തിക്കാൻ സഹായിച്ചവരൊക്കെ എണ്ണം സൂക്ഷിച്ചു വെച്ച് പത്രങ്ങളിൽ പ്രസിദ്ധീകരണത്തിനു നൽകി അവാർഡുകളൊക്കെ സംഘടിപ്പിക്കുന്നുണ്ടല്ലോ? 
മയ്യിത്ത് പെട്ടികളേക്കാൾ നാട്ടിലുള്ളവർക്ക് സ്വീകരിക്കാൻ താൽപര്യം സാദാ പെട്ടികളാണെന്നത് സ്വാഭാവികം. പല നാടുകളിലെ പാണന്മാർക്ക് പാടി നടക്കാൻ അതിനൊരു കഥയുണ്ട്. 
മയ്യിത്ത് പെട്ടി കൊണ്ടുവന്നപ്പോൾ അത് പുതിയ വീട്ടിൽ കയറ്റേണ്ടെന്നും തറവാട്ടിൽ കൊണ്ടുപോയാൽ മതിയെന്നും ഗൃഹനാഥ പറഞ്ഞുവത്രേ. നാടും വീടും വിട്ട് മരുഭൂമിയിൽ എല്ലു മുറിയെ പണിയെടുക്കുന്ന പ്രവാസിയുടെ അവസാനത്തെ പരാജയമാണത്. കഠിനാധ്വാനം ചെയ്ത് നിർമിച്ച സ്വന്തം വീട്ടിൽ സ്വന്തം മയ്യിത്തിന് പ്രവേശനമില്ല. 
ചക്കയും മാങ്ങയും നിറച്ച പെട്ടിക്ക് പ്ലാസ്റ്റിക് പൊതിഞ്ഞിരുന്നുവെങ്കിൽ ചക്ക ഇങ്ങനെ ചതിക്കില്ലായിരുന്നു. എയർപോർട്ടിൽ എത്തിയപ്പോൾ പൊതിയുന്നില്ലേ എന്നു ചോദിച്ചതായിരുന്നു. കൈയിൽ ഇന്ത്യൻ രൂപ ഉണ്ടായിരുന്നുതാനും. പക്ഷേ ചെയ്യാൻ തോന്നിയില്ല. ബാക്കിയുള്ള ഇന്ത്യൻ രൂപ അതുപോലെ വെച്ചാൽ വെക്കേഷനു നാട്ടിൽ പോകുമ്പോൾ ഉപയോഗപ്പെടും. അന്ന് ഈ രൂപ പ്രാബല്യത്തിലുണ്ടാകുമോ എന്നു ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. നോട്ട് നിരോധമെന്ന മണ്ടത്തരത്തിനും ഇനിയാരും മുതിരാനിടയില്ല. 
ചക്കയെ വീണ്ടും പെട്ടിയിൽ തള്ളിക്കയറ്റി ഭദ്രമാക്കി ട്രോളി തള്ളി പുറത്തിറങ്ങിയപ്പോൾ പയ്യൻ കൈ വീശി. 
ചങ്ങാതി മൊയ്തുവിന്റെ മകനാണ്. അതേ ചിരി. മൊയ്തുവിനെ മുറിച്ചുവെച്ച മാതിരി. 
കാറിൽ കയിറിയ ഉടൻ വലിയ ശബ്ദത്തിൽ പാട്ട്. മൊയ്തു ഗസലിന്റെ ആളായിരുന്നു. ഇതിപ്പോൾ അടിപൊളി പാട്ട്. പാട്ടിൽ ലയിച്ചും താളം പിടിച്ചുമായിരുന്നു അവന്റെ ഡ്രൈവിംഗ്. ഇനിയിപ്പോൾ പാട്ടിനോടൊപ്പം സംസാരം കൂടി വേണ്ടെന്ന് മനസ്സിലാക്കി മൽബു പുറംകാഴ്ചകൾ കണ്ടിരുന്നു. വിവരങ്ങൾ ചോദിച്ചറിയാൻ ഇനിയും സമയമുണ്ടല്ലോ?

Latest News