രാജ്യമെങ്ങും സംഘപരിവാർ ഫാസിസം ശക്തിപ്പെടുമ്പോൾ ജനാധിപത്യ വിശ്വാസികൾ സ്വാഭാവികമായും പ്രതീക്ഷയർപ്പിക്കുന്നത് കോൺഗ്രസിലാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾ പലരും ബി.ജെ.പിയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഏറെക്കാലമായി കാണുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും വളരെ ശക്തമായ ഈ പ്രവണത കേരളത്തിലേക്കും വ്യാപിക്കുകയാണോ എന്നു സംശയിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മോഡിയെ പ്രശംസിക്കാനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മത്സരിക്കുകയാണ്. ഈ പ്രശംസിക്കുന്നവർ നാളെ സ്വാഭാവികമായും സംഘപരിവാർ പാളയത്തിൽ എത്താനാണിട. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരത്തിനെതിരായ നടപടികളോടെയാണ് ഈ പ്രവണത ശക്തമായിരിക്കുന്നത്.
വാസ്തവത്തിൽ കോൺഗ്രസിൽ ഒരു ജനാധിപത്യ പ്രസ്ഥാനത്തെ കാണാൻ ശ്രമിക്കുന്നവർ ആ പാർട്ടിയുടെ മുൻകാല ചരിത്രം മറക്കാൻ ശ്രമിക്കുന്നവരാണ്. പലപ്പോഴും മൃദു ഹിന്ദുത്വം എന്നു വിളിക്കപ്പെടുന്ന രാഷ്ട്രീയമായിരുന്നു കോൺഗ്രസ് പിന്തുടർന്നിരുന്നത്. ചിലപ്പോഴെല്ലാം അത് കുറെക്കൂടി തീവ്രവുമായിട്ടുണ്ട്. ബാബ്‌രി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നു കൊടുത്തപ്പോഴും ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന സിക്ക് കൂട്ടക്കൊലയുടെ കാലത്തും ഗംഗാ നദി ശുദ്ധീകരണത്തിനായി കോടികളുടെ പദ്ധതി പ്രഖ്യാപിച്ചപ്പോഴുമൊക്കെ അത് പ്രകടമായും പുറത്തു വന്നു. എന്നാൽ തീവ്ര ഹിന്ദുത്വം മുന്നോട്ട വെച്ച് ബാബ്‌രി മസ്ജിദിലൂടെയും ഗുജറാത്ത് വംശഹത്യയിലൂടെയുമൊക്കെ അതിനെ മറികടക്കുകയായിരുന്നു ബി.ജെ.പി.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പ്രത്യേകതയായ, ബ്രാഹ്മണിക്കൽ അധികാര ഘടനയുടെ ഭാഗമായ വിവേചനത്തെ ഒരിക്കലും കോൺഗ്രസ് മനസ്സിലാക്കിയിരുന്നില്ല എന്ന് മാത്രമല്ല, കോൺഗ്രസിലെ വലിയൊരു വിഭാഗം ആ സവർണ ബോധ്യത്തിലുമായിരുന്നു. അതുകൊണ്ടു തന്നെ സാമൂഹിക പരിഷ്‌കരണം കോൺഗ്രസിന്റെ നയമായിരുന്നില്ലെന്നും കേവലം രാഷ്ട്രീയ പരിഷ്‌കരണം മാത്രമായിരുന്നു കോൺഗ്രസ് ചെയ്തിരുന്നത് എന്നുമാണ് ഡോക്ടർ അംബേദ്കർ പറയുന്നത്. തിലകന്റെയും പട്ടേലിന്റെയും മറ്റും തീവ്രധാരയെ ഗാന്ധി ചെറുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ രാമരാജ്യ സങ്കൽപം അതിൽ നിന്നു പൂർണമായും മുക്തമായിരുന്നില്ല. ആദ്യ കാലങ്ങളിൽ കോൺഗ്രസിന്റെ സമ്മേളനത്തിന്റെ പിറ്റേ ദിവസം തന്നെ സാമൂഹിക പരിഷ്‌കരണ സമ്മേളനം നടന്നിരുന്നു. എന്നാൽ ഇനി സാമൂഹിക പരിഷ്‌കരണ സമ്മേളനം നടത്തിയാൽ വേദി തന്നെ കത്തിക്കും എന്നാണ് ബാലഗംഗാധര തിലകൻ പറഞ്ഞത്. എണ്ണയാട്ടുകാരും പുകയില വ്യാപാരികളും ചെരിപ്പുകുത്തികളുമൊക്കെ എന്തിനാണ് പ്രാതിനിധ്യത്തിന്റെ പേരിൽ പരിപാടികളിൽ പങ്കൈടുക്കുന്നത് എന്നൊക്കെയായിരുന്നു തിലകനും സർദാർ വല്ലാഭായ് പട്ടേലുമാക്കെ ചോദിച്ചു കൊണ്ടിരുന്നത്. അടിത്തട്ട് വിഭാഗക്കാരെ സാമൂഹിക, രാഷ്ട്രീയ പങ്കാളിത്തത്തിൽ ഉൾപ്പെടുത്തേണ്ടതില്ല എന്ന ബ്രാഹ്മണിക്കൽ അധീശ്വത ബോധത്തെ പേറിക്കൊണ്ടു തന്നെയാണ് കോൺഗ്രസ് മുന്നോട്ട് പോയിരുന്നത്. ഭരണഘടനയെ കുറിച്ച് കോൺഗ്രസുമായി നടത്തിയ ഒരു ചർച്ച കൂടി ഡോക്ടർ അംബേദ്കർ സൂചിപ്പിക്കുന്നുണ്ട്. ഇത്രയും കാര്യങ്ങൾ എന്തിനാണ് ഭരണഘടനയിൽ എഴുതിച്ചേർക്കുന്നത് എന്നാണ് കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്. അതിനു അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ സാമൂഹിക ഭരണഘടനയെന്നത് മനുസ്മൃതിയാണെന്നും അതിന് മുകളിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ അതെല്ലാം ഉൾപ്പെടുത്തേണ്ടതുണ്ട് എന്നുമാണ്. പിന്നീട് ഗാന്ധി വധത്തോടെ ഏറ്റ തിരിച്ചടിയും നെഹ്‌റുവിന്റെ വ്യക്തിത്വവും ഏറെക്കാലം സംഘപരിവറിനെ തടഞ്ഞെങ്കിലും അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലൂടെ കിട്ടിയ സുവർണാവസരം മുതലെടുത്ത് അവർ തിരിച്ചെത്തുകയായിരുന്നു. പിന്നീടാണ് സംഘപരിവാറിനോട് മത്സരിക്കാൻ മൃദുഹിന്ദുത്വമെന്ന നയം കോൺഗ്രസിൽ ശക്തമാകുന്നത്. ഇന്നും ആ ചിന്താഗതി ശക്തമായി നിലനിൽക്കുന്നു എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
സംഘപരിവാർ ഹിന്ദു ബ്രാഹ്മണിക്കൽ ആശയം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയാണ്. അക്കൂട്ടത്തിലെ ഏറ്റവും വലിയ സംഘടനയാണ് ആർ.എസ്.എസ്. ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഹിന്ദുത്വ സാംസ്‌കാരിക സംഘടനയാണത്. ബി.ജെ.പിയുടെ നിയന്ത്രണം അവരുടെ കൈയിലാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതിനെ മറികടക്കാൻ കഴിയാത്ത രാഷ്ട്രീയ ബോധമില്ലാത്ത ആളുകളുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിക്ക് വിലക്കു വാങ്ങാൻ കഴിയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറുന്നത്.
ഇതൊക്കെയാണെങ്കിലും കോൺഗ്രസിനു ഇനിയും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നവരും വിശ്വസിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ ഇനി കോൺഗ്രസിനു എന്തെങ്കിലും സാധ്യതകൾ വേണമെങ്കിൽ തന്നെ അത് ബ്രാഹ്മണിക്കൽ ചിന്തക്കു പുറത്തുവന്ന് യഥാർത്ഥ ജനാധിപത്യ പാർട്ടിയായി മാറണം.
ആ ദിശയിൽ പ്രവർത്തനം നടത്തിയ രാഹുൽ ഗാന്ധി ഇപ്പോൾ നേതൃത്വത്തിലില്ല. അതിനാൽ തന്നെ ആ ദിശയിലൊരു പ്രവർത്തനം അത്ര എളുപ്പം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതിനാൽ തന്നെ ഇനിയും കോൺഗ്രസിൽ നിന്നു കൊഴിഞ്ഞുപോക്കും മോഡി സ്തുതിയും തുടരുമെന്നു തന്നെ കരുതാം.