തിരുവനന്തപുരം- സിസ്റ്റർ അഭയ കൊലക്കേസിൽ മറ്റൊരു സാക്ഷി കൂടി കൂറുമാറി. കേസിലെ നാലാം സാക്ഷി സഞ്ജു പി.മാത്യുവാണ് കൂറുമാറിയത്.
സംഭവദിവസം ഫാദർ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ കോൺവെന്റിൽ കണ്ടുവെന്ന മൊഴിയാണ് സഞ്ജു മാറ്റിയത്. കോൺവെന്റിന്റെ സമീപത്തായിരുന്നു സഞ്ജുവിന്റെ താമസം. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു സാക്ഷിയായിരുന്ന സിസ്റ്റർ അനുപമയും കൂറുമാറിയിരുന്നു. സിസ്റ്റർ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റർ അനുപമ. സംഭവദിവസം അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയിൽ കണ്ടെന്നായിരുന്നു അനുപമയുടെ ആദ്യ മൊഴി. എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ ഇന്നലെ പറഞ്ഞു. ഇതോടെ ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, െ്രെകം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.