Sorry, you need to enable JavaScript to visit this website.

കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

കോട്ടയം- കെവിന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ടി ജീവപര്യന്തം ശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കേസിനെ വിശേഷിപ്പിച്ച കോടതി പ്രതികള്‍ക്ക് 40000 രൂപ പിഴയും വിധിച്ചു. പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷ് സെബാസ്റ്റ്യനും ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും നല്‍കണമെന്നും കോടതി വിധിച്ചു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയും ശിക്ഷിക്കപ്പെട്ടു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി വ്യക്തമാക്കി. കേസില്‍ പ്രതിയായിരുന്ന നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കി സെഷന്‍സ് കോടതി വിധി പറഞ്ഞു. 2018 മെയ് 28നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 24 വയസ്സായിരുന്നു. കാമുകിയായ നീനു ചാക്കോയെ അവരുടെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത് കൂടെ കൊണ്ടു പോയതിലുള്ള പ്രതികാരമായാണ് കെവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

Latest News