ദുബായ്- ചെക്ക് കേസില്‍ ഒത്തുതിര്‍പ്പ് സാധ്യമാകാത്ത സാഹചര്യത്തില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടി നാട്ടിലേക്ക് മടങ്ങാന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ശ്രമം. സുഹൃത്തായ യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ഇളവ് നേടാനാണ് ശ്രമിക്കുന്നത്. ഇതിനായി ഇന്ന് കോടതിയെ സമീപിക്കും. കേസിന്റെ തുടര്‍ നടപടികള്‍ക്ക് യു.എ.ഇ പൗരന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിട്ടുണ്ട്.
ഒത്തുതീര്‍പ്പിനുള്ള ശ്രമം കോടതിക്ക് പുറത്തു നടക്കുന്നുണ്ട്. പരാതിക്കാരനായ നാസില്‍ അബ്ദുല്ലയുടെ മേല്‍ തുക കുറക്കുന്നതിന് സമ്മര്‍ദം ചെലുത്തി വരികയാണ്.
തുഷാര്‍ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുല്ല പറഞ്ഞതോടെ കോടതിയില്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. അജ്മാന്‍ കോടതിയില്‍ തിങ്കളാഴ്ച കേസിന്റെ തെളിവ് ശേഖരണം നടന്നു.
നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ കോടതിയില്‍ പറഞ്ഞെങ്കിലും എന്തുകൊണ്ട് അപ്പോള്‍ പരാതി നല്‍കിയില്ലെന്ന് ചോദിച്ച് കോടതി തള്ളിയിരുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അതിന് പ്രത്യേക പരാതി നല്‍കണമെന്നും ആ വാദം ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രോസിക്യൂട്ടര്‍ നിലപാടെടുത്തു.