ജിദ്ദ- വാഹനമിടിച്ച് മരിച്ച പ്രവാസി സംരംഭകനും സാമൂഹിക, ജീവകാരുണ്യ, പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന വടക്കാങ്ങര വേങ്ങശേരി പീടികയില്‍ മുഹമ്മദ്കുട്ടി (55)യുടെ മൃതദേഹം റുവൈസ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
ശാര അര്‍ബഈന്‍ റോഡിലാണ് അപകടം. ശീതീകരണ യന്ത്രങ്ങളടക്കം വില്‍ക്കുന്ന ജിദ്ദയിലെ സ്ഥാപനം അടച്ചു താമസ സ്ഥലത്തേക്കു നടന്നു പോകുമ്പോള്‍ അജ്ഞാത വാഹനം മുഹമ്മദ്കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മക്കരപ്പറമ്പ് വടക്കാങ്ങര നോര്‍ത്ത് മഹല്ല് ജിദ്ദ കമ്മിറ്റി സെകട്ടറി, വടക്കാങ്ങര പി.എം.ഐ.സി ജിദ്ദ ചാപ്റ്റര്‍ അംഗം, വാഫി കോളേജ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പഴയകാല ഫുട്‌ബോള്‍ താരം, പെരിന്തല്‍മണ്ണ പി.ടി.എം കോളേജ് എം.എസ്.എഫ് പ്രസിഡന്റ്, കോളേജ് യൂനിയന്‍ ചെയര്‍മാന്‍, പഴയകാല മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇടതുപക്ഷ സഹയാത്രികനായി പ്രവാസി സംഘാടകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1990 ല്‍ ജിദ്ദയില്‍ ജോലിക്കെത്തിയ മുഹമ്മദ്കുട്ടി സ്വന്തമായി കച്ചവട സ്ഥാപനത്തിനുടമയായിരുന്നു.
സന്ദര്‍ശക വിസയിലെത്തിയ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്കു മടങ്ങിയത്. ഭാര്യ: റൈഹാനത്ത്. മക്കള്‍: മുജ്ത്തബ, മുര്‍ഷിദ, റഫാ ഫാത്തിമ, റിദ ഫാത്തിമ, മഷ്അല്‍. പിതാവ്: വടക്കാങ്ങര വടക്കേകുളമ്പിലെ ആദ്യകാല കച്ചവടക്കാരന്‍ വേങ്ങശേരി പീടികയില്‍ അബ്ദുറഹിമാന്‍. മാതാവ്: ഉണ്ണിപ്പാത്തുമ്മ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ് (ജിദ്ദ), അബ്ദുല്ല എന്ന അബ്ദുപ്പ (മുന്‍ പ്രവാസി), അബൂബക്കര്‍ (ജിദ്ദ), ഉമ്മുഹബീബ, പരേതനായ ഹൈദരലി.