മദീന- നാട്ടില്‍ അവധിക്ക് പോയി തിരിച്ചു വന്ന മലയാളി യുവാവിന് വിമാനത്താവളത്തില്‍ സൗദി കുടുംബം നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ വൈറലായതിനെ തുടര്‍ന്ന് സ്വദേശി പൗരനും മലയാളി യുവാവിനും അഭിനന്ദന പ്രവാഹം.
കഴിഞ്ഞ ഇരുപതിനാണ് സംഭവത്തിനാധാരമായ കാര്യങ്ങള്‍ നടന്നത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ കിഴക്കേകോണത്ത് മിദ്‌ലാജിനെയാണ് മൂന്ന് മാസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സ്‌പോണ്‍സറും കുടുംബവും മദീന വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി ആനയിച്ചത്.
സൗദി പൗരന്‍ അബ്ദുല്‍ വഹാബ് ഇബ്രാഹീമും കുടുംബവുമാണ് നാല് വര്‍ഷമായി തന്റെ കീഴില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മിദ്‌ലാജിന്റ അവധി കഴിഞ്ഞുള്ള തിരിച്ച് വരവ് കിലോമീറ്ററുകള്‍ അപ്പുറത്തുള്ള അല്‍ ഉലയില്‍ നിന്നു കുടുംബത്തോടൊപ്പം മദീന വിമാനത്താവളത്തിലെത്തി സ്വീകരിച്ച് അവിസ്മരണീയമാക്കിയത്.
വിമാനത്താവളത്തില്‍വെച്ച് തന്റെ കുട്ടികളെ കൊണ്ട് പൂക്കള്‍ നല്‍കി സ്വീകരിക്കുന്നതും പിന്നീട് മിദ്‌ലാജിന്റ പേര് കുറിച്ച കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെയും ദൃശ്യചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് ആളുകള്‍ കാണുകയും ആയിരങ്ങള്‍ പങ്ക് വെക്കുകയും ചെയ്തു. സ്വീകരണത്തിന് പുറമെ മിദിലാജിന് താമസത്തിനാവശ്യമായ പുതുപുത്തന്‍ വീട്ടുപകരണങ്ങളും താമസസ്ഥലം വര്‍ണാഭമായി മോഡി പിടിപ്പിച്ചതും വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സ്‌പോണ്‍സറുടെ കുടുംബം തന്നെയാണ് ചിത്രങ്ങളധികവും മൊബൈലില്‍ പകര്‍ത്തിയത്. മിദ്‌ലാജിന്റെ സുഹൃത്തുക്കളാണ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മിദ്‌ലാജിന് തന്റെ സ്‌പോണ്‍സറേയും കുടുംബത്തെയും കുറിച്ച് നല്ലതേ പറയാനുള്ളു.
അല്‍ ഉലയിലെ ചേംബര്‍ ഓഫ് കോമേഴ്‌സിലെ ഉദ്യാഗസ്ഥനായ സ്‌പോണ്‍സര്‍ അബ്ദുല്‍ വഹാബ് താനുമായി ബന്ധപെടുന്നവരോട് നന്നായി പെരുമാറുകയും നല്ല മനസ്സിനുടമയാന്നെന്നും മിദ്‌ലാജ് സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതോടെ മിദ്‌ലാജിനും സ്‌പോണ്‍സര്‍ക്കും അഭിനന്ദനങ്ങളും നന്മകളും നേര്‍ന്ന് ആയിരകണക്കിന് കമന്റുകളാാണ് സോഷ്യല്‍ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത്.
ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ വിളിക്കുകയും ചിത്രങ്ങള്‍ സത്യമാണോയെന്ന് അന്വഷിച്ചതായും അഭിനന്ദനങ്ങള്‍ അറിയിച്ചതായും മിദ്‌ലാജ് പറഞ്ഞു.