ചിറ്റാരിക്കാൽ - സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അപകീർത്തി ഉണ്ടാക്കുകയും ചെയ്തുവെന്ന പരാതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പേരിൽ കേസെടുത്ത ചിറ്റാരിക്കാൽ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരൻ ഹാജരാക്കിയ എം.പിയുടെ പ്രസംഗത്തിന്റെ സി.ഡി പരിശോധനക്കായി സൈബർ സെല്ലിന് കൈമാറും. പരാതിക്കാരൻ പന്തമ്മാക്കൽ പി.എ വർഗീസിനെ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു. അമ്മയെ പരസ്യമായി അപമാനിച്ചുവെന്ന മകന്റെ പരാതിലാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫാസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യുടെ അനുമതി ലഭിച്ചതിനെ തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ കേസെടുത്തത്. ഓഗസ്റ്റ് 14 ന് വൈകുന്നേരം ചിറ്റാരിക്കാലിൽ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസംഗത്തിൽ ഇവരുടെ പ്രായമുള്ള അമ്മയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രസംഗിച്ചത് ആണ് കേസിനാസ്പദമായ സംഭവം. സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ ശേഷം അതിന്റെ വീഡിയോ ദൃശ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത് അപകീർത്തിയുണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിന്റെ സഹോദരനാണ് പരാതി നൽകിയ വർഗീസ്.