റിയാദ് - ആറു ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ജിസാനിൽ ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തികളുടെ ശ്രമത്തെ യു.എ.ഇ അപലപിച്ചു. സാധാരണക്കാർക്കെതിരായ ഇത്തരം ഭീകരാക്രമണങ്ങളിൽ സൗദി അറേബ്യയോട് യു.എ.ഇ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും യു.എ.ഇ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും.
ഹൂത്തി ഭീകരത ചെറുക്കുന്നതിൽ സൗദി അറേബ്യക്കൊപ്പം യു.എ.ഇ ഉറച്ചുനിൽക്കുകയും ചെയ്യും. ഹൂത്തി അട്ടിമറി മേഖലക്ക് സൃഷ്ടിക്കുന്ന ഭീഷണി എത്ര മാത്രമാണെന്നാണ് ഇത്തരം ആക്രമണങ്ങൾ വ്യക്തമാക്കുന്നത്. മേഖലയുടെ സുരക്ഷയും ഭദ്രതയും ഉറപ്പു വരുത്തുന്നതിന് ഹൂത്തികളെ ചെറുക്കൽ തുടരേണ്ടതിന്റെ അനിവാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്നും യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ജിസാനിലുണ്ടായ മിസൈൽ ആക്രമണ ശ്രമത്തെ ജിബൂത്തിയും അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ടുണ്ടായ ആക്രമണ ശ്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ജിബൂത്തി പറഞ്ഞു. ഈ ആക്രമണ ശ്രമത്തെ ഫലപ്രദമായി ചെറുത്ത സഖ്യസേനയുടെ പ്രതിരോധ ശേഷിയെ ജിബൂത്തി പ്രശംസിച്ചു. ഹൂത്തികളെ ചെറുക്കുന്നതിൽ സൗദി അറേബ്യക്കൊപ്പം ജിബൂത്തി ഉറച്ചുനിൽക്കും. സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജിബൂത്തി പറഞ്ഞു.
മിസൈൽ ആക്രമണത്തെ ബഹ്‌റൈൻ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ഭീരുത്വമാർന്ന ഈ ഭീകരാക്രമണത്തെ ചെറുത്ത സഖ്യസേനയെ ബഹ്‌റൈൻ വിദേശ മന്ത്രാലയം പ്രശംസിച്ചു.
രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും കാത്തുസൂക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും പിന്തുണക്കുകയും സൗദി അറേബ്യക്കൊപ്പം ബഹ്‌റൈൻ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും ചെയ്യുമെന്ന് ബഹ്‌റൈൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഹൂത്തികൾക്കും മറ്റു ഭീകര സംഘടനകൾക്കും അവരെ പിന്തുണക്കുന്നവർക്കുമെതിരെ അന്താരാഷ്ട്ര സമൂഹം കടുത്ത നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവന പറഞ്ഞു.
ജിസാനിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ അപലപിച്ചു. സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം ഒ.ഐ.സി നിലയുറപ്പിക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ പറഞ്ഞു.