ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അൽദർബിൽ ഇന്ധന ടാങ്കർ കത്തിനശിച്ചു. പരിക്കോ ആളപായമോ ഇല്ല. അൽബലദിയ റൗണ്ട് എബൗട്ടിൽ വെച്ചാണ് ഇന്ധന ടാങ്കറിൽ തീ പടർന്നുപിടിച്ചത്. ടാങ്കർ പൂർണമായും കത്തിനശിച്ചു. ടാങ്കറിൽ നിന്നുള്ള ഇന്ധനം പരന്നൊഴുകിയതിനാൽ റോഡിൽ ഏറെ ദൂരത്തിൽ തീ ആളിപ്പടർന്നിരുന്നു. നിറയെ ഇന്ധനമുള്ള ടാങ്കറിൽ തീ പടർന്നുപിടിച്ചതിന്റെ ഫലമായി ആകാശം മുട്ടെ ഉയർന്ന പുക ഏറെ ദൂരെ നിന്നു വരെ കാണാമായിരുന്നു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ ഏറെ പണിപ്പെട്ട് തീ നിയന്ത്രണവിധേയമാക്കി.
ഇന്നലെ രാവിലെയാണ് ടാങ്കറിൽ തീ പടർന്നുപിടിച്ചത്. അഗ്നിബാധയെ തുടർന്ന് രാജ്യാന്തര പാത ഏറെ നേരം അടച്ചിട്ടു. ബദൽ റോഡുകൾ ലഭ്യമാക്കിയാണ് സുരക്ഷാ വകുപ്പുകൾ ഗതാഗതം തിരിച്ചുവിട്ടത്.