റിയാദ് - ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ ആറു ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ജിസാനിൽ ആക്രമണത്തിന് ശ്രമിച്ചു. ആറു മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന തകർത്തു. യെമനിൽ ഹൂത്തികളുടെ ശക്തി കേന്ദ്രമായ സഅ്ദയിൽ നിന്നാണ് ജിസാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
നാലര വർഷം മുമ്പ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂത്തികൾക്കെതിരെ സൈനിക നടപടി ആരംഭിച്ച ശേഷം ആദ്യമായാണ് ഒറ്റ ദിവസം ആറു ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സൗദി അറേബ്യക്കു നേരെ ആക്രമണം നടത്തുന്നതിന് ഹൂത്തികൾ ശ്രമിക്കുന്നത്. അബഹയും ജിസാനും നജ്‌റാനും തായിഫും മക്കയും റിയാദും അടക്കമുള്ള സൗദിയിലെ നഗരങ്ങൾ ലക്ഷ്യമിട്ട് ഇതുവരെ 230 ലേറെ ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തികൾ തൊടുത്തുവിട്ടിട്ടുണ്ട്. ഇവയെല്ലാം ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സഖ്യസേനയും സൗദി സൈന്യവും തകർക്കുകയായിരുന്നു.
പൈലറ്റില്ലാ വിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമം യുദ്ധത്തിൽ ഹൂത്തികൾ നേരിട്ട നാശനഷ്ടങ്ങളുടെ തോതാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
സഅ്ദയിലും മറ്റു പോരാട്ട മുന്നണികളിലും ഹൂത്തികൾക്ക് വലിയ ആഘാതമേൽപിക്കുന്നതിന് സഖ്യസേനക്ക് സാധിച്ചിട്ടുണ്ട്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങളിലും സിവിലിയൻ ലക്ഷ്യങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണ്. ഹൂത്തികളുടെ ഇത്തരം ആയുധ ശേഷികൾ ഇല്ലാതാക്കുന്നതിന് സഖ്യസേന കടുത്ത നടപടികൾ തുടരും. സിവിലിയൻ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സഖ്യസേന ശക്തമായി ചെറുക്കുമെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.
സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട മൂന്നു ഡ്രോണുകൾ ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയും യെമൻ വ്യോമ മേഖലയിൽ വെച്ച് സഖ്യസേന തകർത്തു. രണ്ടു ഡ്രോണുകൾ സൻആയിൽ നിന്നും ഒരു ഡ്രോൺ യെമനിലെ അൽജൗഫിൽ നിന്നുമാണ് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടത്. സൻആയിൽ നിന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയും അൽജൗഫിൽ നിന്ന് ഇന്നലെ രാവിലെയുമാണ് സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോണുകൾ തൊടുത്തുവിട്ടത്.