തിരുവനന്തപുരം- അഭയ കേസിലെ പ്രധാന സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി. അഭയക്കൊപ്പം കോൺവെന്റിൽ താമസിച്ചയാളായിരുന്നു അനുപമ. അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും അടുക്കളയിൽ കണ്ടെന്നായിരുന്നു അനുപമയുടെ ആദ്യ മൊഴി. എന്നാൽ ഈ മൊഴി അനുപമ മാറ്റി. ഇതോടെ ഇവർ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആവശ്യം തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി അംഗീകരിച്ചു.
പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. സിസ്റ്റർ അഭയ കേസിലെ വിചാരണ ഇന്നാണ് തുടങ്ങിയത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവെയ്ക്കുകയായിരുന്നു.