റിയാദ് - പ്രതിരോധ കുത്തിവെപ്പുകൾ നടത്താൻ ഫാർമസികൾക്ക് അനുമതി. ഫാർമസി നിയമാവലിയിൽ വരുത്തിയ ഭേദഗതികൾ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അംഗീകരിച്ചതോടെയാണിത്. പ്രതിരോധ കുത്തിവെപ്പുകൾ, ആരോഗ്യ ബോധവൽക്കരണം, മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകൽ, പ്രഷറും ഹൃദയമിടിപ്പും മറ്റും പരിശോധിക്കൽ എന്നിവ ഫാർമസി കെയർ സേവനങ്ങളിൽ ഉൾപ്പെടുന്നു. കൃത്യസമയത്ത് മരുന്നുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തുന്ന മരുന്ന് ഏജൻസികളെയും ഇറക്കുമതി കമ്പനികളെയും കുറിച്ച് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയെ ഫാർമസികൾ അറിയിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ഫാർമസികൾക്കകത്ത് പ്രത്യേക ലൈസൻസ് നേടി എമർജൻസി മെഡിക്കൽ പരിചരണ കേന്ദ്രങ്ങൾ തുറക്കുന്നതിന് നിയമാവലി അനുവദിക്കുന്നു. നോൺ എമർജൻസി മെഡിക്കൽ കെയർ സെന്ററുകൾ തുറക്കുന്നതിനും അനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കകത്ത് പ്രത്യേക ലൈസൻസോടെ വ്യവസ്ഥകൾ പാലിച്ച് ഫാർമസികൾ തുറക്കുന്നതിനും ഭേദഗതി ചെയ്ത നിയമാവലി അനുവദിക്കുന്നു. മെഡിക്കൽ കോംപ്ലക്‌സുകളിലും പ്രത്യേക ലൈസൻസോടെ ഫാർമസികൾ തുറക്കാം. ഫാർമസികളിൽ സെൽഫ് സെയിൽ (വെന്റിംഗ്) മെഷീനുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. വിദേശ ഫാർമസി ശൃംഖലകളുടെ ഫ്രാഞ്ചൈസികളും കൊമേഴ്‌സ്യൽ ഏജൻസികളും സൗദികൾക്കും സൗദി കമ്പനികൾക്കും നേടാവുന്നതാണ്. ശാസ്ത്രീയ നാമത്തിലുള്ള മരുന്നുകളാണ് ഫാർമസിസ്റ്റുകൾ വിതരണം ചെയ്യേണ്ടത്. പ്രത്യേക വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കുന്ന മരുന്നുകളെ ഇതിൽനിന്ന് ഒഴിവാക്കി. ഇത്തരം മരുന്നുകൾ വാണിജ്യ പേരിൽ തന്നെയാണ് വിതരണം ചെയ്യേണ്ടത്.
ഒരേ ഉടമക്കു കീഴിലുള്ള ഓരോ ഇരുപതു ഫാർമസികൾക്കും ഒരു ഫാർമസി വീതം ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കണം. ലൈസൻസ് വ്യവസ്ഥകൾ പാലിച്ച് ഫാർമസ്യൂട്ടിക്കൽസ് ഉൽപന്നങ്ങൾ തയാറാക്കാൻ പ്രത്യേക ലാബ് ഫാർമസികൾക്കകത്ത് സജ്ജീകരിക്കുന്നതിനും അനുമതിയുണ്ട്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പുറത്തിറക്കിയ ഫാർമസ്യൂട്ടിക്കൽസ് ഉൽപന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട സൗദി കോഡ് ഓഫ് എത്തിക്‌സ് ഫാർമസ്യൂട്ടിക്കൽസ് വിദഗ്ധർ പാലിക്കൽ നിർബന്ധമാണ്.
ഫാർമസികളിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനു പകരം മരുന്ന് കമ്പനികളിൽ നിന്നും ഏജൻസികളിൽ നിന്നും വിതരണക്കാരിൽ നിന്നും മൊത്ത വിതരണ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തികവും അല്ലാത്തതുമായ നേട്ടങ്ങൾ ഫാർമസി ഉടമകൾ സ്വീകരിക്കുന്നതും വിലക്കി. കാലാവധി അവസാനിക്കുന്നതിന് മൂന്നു മാസം മുമ്പ് ഫാർമസി ഉടമകൾ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിക്കൽ നിർബന്ധമാണ്. മരുന്നുകൾ ഒഴികെയുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിന് ഫാർമസിസ്റ്റുകളല്ലാത്തവരെ ജോലിക്കു വെക്കാം. ഒരേ ഉള്ളടക്കം അടങ്ങിയ വിവിധ കമ്പനികളുടെ വ്യത്യസ്ത വിലകളിലുള്ള മരുന്നുകൾ രോഗികൾക്കു മുന്നിൽ ഫാർമസിസ്റ്റുകൾ പ്രദർശിപ്പിക്കണമെന്നും പരിഷ്‌കരിച്ച നിയമാവലി ആവശ്യപ്പെടുന്നു.
നിയമാനുസൃത കാലത്ത് അപേക്ഷ സമർപ്പിച്ചിട്ടും ലൈസൻസ് പുതുക്കാൻ നേരിടുന്ന കാലതാമസത്തിന്റെ ഉത്തരവാദിത്തവും സ്ഥാപനം വഹിക്കേണ്ടതില്ല. പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസ് നേടിയ ശേഷമല്ലാതെ ഫാർമസിസ്റ്റുകളെയും ഫാർമസി ടെക്‌നിഷ്യന്മാരെയും ജോലിക്കു വെക്കാൻ പാടില്ല. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിഷ്‌കർഷിക്കുന്ന സൗദിവൽക്കരണ വ്യവസ്ഥകളും പാലിക്കൽ നിർബന്ധമാണ്. ഫാർമസ്യൂട്ടിക്കൽസ് സ്‌പെഷ്യലിസ്റ്റ് ജോലികളിൽ സൗദി ഫാർമസിസ്റ്റുകളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ. എന്നാൽ പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കുന്നതിനു മുമ്പ് ഈ മേഖലയിൽ ജോലി ചെയ്തുവരുന്ന വിദേശ ഫാർമസിസ്റ്റുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മരുന്ന് പരസ്യ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പ്രഖ്യാപിച്ച വ്യവസ്ഥകൾ പാലിക്കലും നിർബന്ധമാണ്.