റിയാദ് - ഓൺലൈൻ ടാക്‌സി മേഖലയിൽ ആറു ലക്ഷത്തിലേറെ സൗദികൾ ജോലി ചെയ്യുന്നതായി പൊതുഗതാഗത അതോറിറ്റി വ്യക്താവ് അബ്ദുല്ല സ്വായിൽ അറിയിച്ചു. സാമർഥ്യത്തോടെ ജോലി ചെയ്യുന്ന സൗദി യുവാക്കൾ ഓൺലൈൻ ടാക്‌സി മേഖലയിൽ സേവന നിലവാരം ഉയർത്തുന്നതിൽ ഫലപ്രദമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഏതെങ്കിലും രീതിയുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഓൺലൈൻ ടാക്‌സി കമ്പനികളിൽ നിന്ന് നേരിടുന്ന പക്ഷം സൗദി യുവാക്കൾ ഔദ്യോഗിക ചാനലുകൾ വഴി പൊതുഗതാഗത അതോറിറ്റിയുമായി ബന്ധപ്പെടണം. ഓൺലൈൻ ടാക്‌സി മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ മേഖലയിൽ സൗദിവൽക്കരണം 96 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ടെന്നും അബ്ദുല്ല സ്വായിൽ പറഞ്ഞു.
ജിദ്ദ എയർപോർട്ടിൽ പ്രമുഖ ഓൺലൈൻ ടാക്‌സി കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന ഏതാനും സൗദി യുവാക്കൾ കമ്പനി സൂപ്പർവൈസർമാരും കമ്പനിയിൽ ജോലി ചെയ്യുന്ന വിദേശികളും ശല്യപ്പെടുത്തുന്നതായി പരാതിപ്പെടുന്നുണ്ട്. സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് കമ്പനിയെ ബന്ധപ്പെട്ട വകുപ്പുകൾ നിർബന്ധിക്കാത്തതിലും സൗദിവൽക്കരണം നടപ്പാക്കുന്നത് ഉറപ്പു വരുത്തുന്നതിന് പൊതുഗതാഗത അതോറിറ്റി, തൊഴിൽ-സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്താത്തതിലും ഇവർ ആശ്ചര്യം പ്രകടിപ്പിച്ചു. വളരെ ചെറിയ തെറ്റുകൾക്കു പോലും സൗദി ജീവനക്കാരെ അറബ് വംശജനായ സൂപ്പർവൈസർ അന്യായമായി പിരിച്ചുവിടുകയാണെന്ന് എയർപോർട്ടിൽ കമ്പനി പാർക്കിംഗ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന സൗദി യുവാക്കളിൽ ഒരാൾ പറഞ്ഞു.
സൗദി ഡ്രൈവർമാരോട് വിദേശ സൂപ്പർവൈസർമാർ മോശം രീതിയിലാണ് പെരുമാറുന്നത്. ജോലി ഉപേക്ഷിക്കാൻ പരോക്ഷമായി നിർബന്ധിക്കുന്ന നിലക്കാണ് വിദേശ സൂപ്പർവൈസർമാർ സൗദി ഡ്രൈവർമാരോട് പെരുമാറുന്നതെന്നും മറ്റൊരു ഡ്രൈവർ പറഞ്ഞു. ഈ മേഖലയിൽ ബന്ധപ്പെട്ട വകുപ്പുകൾ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാതിരിക്കാൻ കമ്പനി പിടിവാശി കാണിക്കുകയാണ്. നിയമങ്ങൾ നടപ്പാക്കുന്നത് ഉറപ്പു വരുത്താൻ പൊതുഗതാഗത അതോറിറ്റിയുടെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ശാഖകൾ ജിദ്ദ എയർപോർട്ടിലില്ലാത്തത് യുക്തിക്ക് നിരക്കുന്നതല്ലെന്നും സൗദി ഡ്രൈവർമാർ പറയുന്നു.