ദമാം - ഇന്ത്യക്കാർ അടക്കമുള്ള 134 തൊഴിലാളികളുടെ വേതന കുടിശ്ശിക അൽകോബാർ ലേബർ ഓഫീസ് ഇടപെട്ട് ലഭ്യമാക്കി. വേതന കുടിശ്ശികയും ആനുകൂല്യങ്ങളും അടക്കം 57 ലക്ഷത്തിലേറെ റിയാലാണ് തൊഴിലാളികൾക്ക് ലഭ്യമാക്കിയത്. അൽകോബാർ ലേബർ ഓഫീസിനു കീഴിൽ തൊഴിൽ കേസുകൾക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണുന്ന പ്രത്യേക ഡിപ്പാർട്ട്‌മെന്റ് ആണ് തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കിയത്. വേതന കുടിശ്ശിക ലഭ്യമാക്കിയതിലൂടെ തൊഴിൽ കേസ് രമ്യമായി അവസാനിപ്പിക്കുന്നതിന് തൊഴിലാളികളും തൊഴിലുടമയും സമ്മതിച്ചു.
കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾക്ക് വിവിധ കാരണങ്ങളാൽ ദീർഘകാലമായി വേതന വിതരണം മുടങ്ങുകയായിരുന്നു. ഇതോടെ തൊഴിലാളികൾ അൽകോബാർ ലേബർ ഓഫീസിനെ സമീപിച്ചു. കമ്പനി പ്രതിനിധിയെയും തൊഴിലാളി പ്രതിനിധികളെയും വിളിച്ചുവരുത്തി അനുരഞ്ജന ഡിപ്പാർട്ട്‌മെന്റ് അധികൃതർ നടത്തിയ ചർച്ചകളിലൂടെയാണ് തൊഴിലാളികളുടെ വേതന കുടിശ്ശിക ലഭ്യമാക്കി തൊഴിൽ കേസിന് രമ്യമായ പരിഹാരമുണ്ടാക്കുന്നതിന് സാധിച്ചത്.
കമ്പനിയിലെ 101 ഇന്ത്യൻ തൊഴിലാളികൾക്ക് കുടിശ്ശിക ഇനത്തിൽ 46,23,759 റിയാലും 15 ബംഗ്ലാദേശുകാർക്ക് 4,14,465 റിയാലും 10 നേപ്പാളികൾക്ക് 3,96,041 റിയാലും അഞ്ചു ശ്രീലങ്കക്കാർക്ക് 2,15,246 റിയാലും മൂന്നു പാക്കിസ്ഥാനികൾക്ക് 67,830 റിയാലും അടക്കം ആകെ 57,17,341 റിയാലാണ് കുടിശ്ശിക ഇനത്തിൽ അൽകോബാർ ലേബർ ഓഫീസ് ഈടാക്കി നൽകിയത്.