റിയാദ് - ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേയ്‌സിംഗുകൾക്ക് ഉപയോക്താക്കളിൽനിന്ന് അധിക ഫീസ് ഈടാക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. അധിക ഫീസ് നൽകുന്നതിന് നിർബന്ധിതരാകുന്ന ഉപയോക്താക്കൾ ഇൻവോയ്‌സും സ്ഥാപനത്തിന്റെ പേരുവിവരങ്ങളും വിലാസവും സഹിതം മന്ത്രാലയത്തിന് പരാതി നൽകണം.
വാങ്ങുന്ന ആക്‌സസറീസിന് രണ്ടു വർഷ ഗാരണ്ടി ബാധകമല്ലെന്നും ഇൻവോയ്‌സിൽ രേഖപ്പെടുത്തുന്ന പർച്ചേയ്‌സിംഗ് തീയതിയാണ് ഗാരണ്ടി കാലാവധി സ്ഥിരീകരിക്കുന്നതിനുള്ള തെളിവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വിരളമായി മാത്രം ഡിമാന്റ് ഉള്ള സ്‌പെയർ പാർട്‌സ് പരമാവധി പതിനാലു ദിവസത്തിനകം ഏജൻസികൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ട്രേഡ് നെയിം രജിസ്‌ട്രേഷൻ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിന് എടുക്കുന്ന സമയം 24 മണിക്കൂറാണ്.
നിർമാണത്തിൽ തകരാറുള്ള ഉൽപന്നങ്ങൾ, വ്യാജ ഉൽപന്നങ്ങൾ, ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉൽപന്നങ്ങൾ എന്നീ മൂന്നു സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് ഉൽപന്നങ്ങൾ മടക്കി നൽകി പണം തിരികെ ഈടാക്കുന്നതിനും ഉൽപന്നങ്ങൾ മാറ്റിയെടുക്കുന്നതിനും അവകാശമുണ്ട്. തകരാറുള്ള ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും വിൽപന നടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും മൂന്നു വർഷം വരെ തടവും ശിക്ഷയും ലഭിക്കും. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ അനുവദിക്കുന്നതിന് അപേക്ഷകന്റെ പ്രായം പതിനെട്ടിൽ കുറവാകാൻ പാടില്ലെന്നും സർക്കാർ ജീവനക്കാരനായിരിക്കരുതെന്നും വ്യവസ്ഥയുണ്ട്. സ്ഥാപത്തിന്റെ മൂലധനം അയ്യായിരം റിയാലിൽ കുറവാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ഓൺലൈൻ സ്റ്റോറുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പ്രത്യേക ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ വൻകിട ഓൺലൈൻ സ്റ്റോറുകളിലെ ലൈസൻ ഓഫീസർമാരുമായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണാത്ത പക്ഷം ഓൺലൈൻ സ്റ്റോറുകൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കും. ഓൺലൈൻ വ്യാപാര നിയമം ലംഘിക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. കൂടാതെ ഇത്തരം സ്ഥാപനങ്ങൾക്ക് താൽക്കാലികമായോ എന്നെന്നേക്കുമായോ പ്രവർത്തന വിലക്കേർപ്പെടുത്തുകയും ചെയ്യും. ഓൺലൈൻ സ്റ്റോറുകൾ ഭാഗികമായോ പൂർണമായോ ബ്ലോക്ക് ചെയ്യുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മേഖലയിലെ നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന ഏകീകൃത നമ്പറിലും വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങളിലെ ഒഫീഷ്യൽ അക്കൗണ്ടുകൾ വഴിയും ഉപയോക്താക്കൾക്ക് പരാതികൾ നൽകാവുന്നതാണ്.