ജിദ്ദ - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് ഗനിയും ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അൽസാലിം, അഫ്ഗാനിസ്ഥാനിലെ സൗദി അംബാസഡർ ജാസിം അൽഖാലിദി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സൽമാൻ രാജാവ് ഒരുക്കിയ ഉച്ച വിരുന്നിലും അഫ്ഗാൻ പ്രസിഡന്റും സംഘവും പങ്കെടുത്തു.