ബാസൽ - തുടർച്ചയായ മൂന്നാം ലോക ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ലോക ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ സിന്ധു ജപ്പാന്റെ നൊവോമി ഒകുഹാരയെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോർ 21-7, 21-7. ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡും സിന്ധു സ്വന്തമാക്കി. 36 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തിലാണ് സിന്ധുവിന്റെ ചരിത്രനേട്ടം.
2017 ൽ നടന്ന ഫൈനലിൽ ഒകുഹാരയോട് 21-19, 22-20, 22-20 നായിരുന്നു സിന്ധു തോറ്റത്. കഴിഞ്ഞ വർഷം സ്‌പെയിനിന്റെ കരൊലൈന മാരിനും സിന്ധുവിനെ ഫൈനലിൽ തോൽപിച്ചു. ഇത്തവണ ഒകുഹാരയോട് പകരം ചോദിച്ച് ആദ്യമായി ലോക കിരീടമുയർത്താനുള്ള സുവർണാവസരം താരം മുതലാക്കി. ലോക അഞ്ചാം നമ്പറായ സിന്ധു 2018 ലെ ഒളിംപിക് ഫൈനലിലും മാരിനോട് തോറ്റിരുന്നു.
സെമി ഫൈനലിൽ ഓൾ ഇംഗ്ലണ്ട് ചാമ്പ്യനും ലോക മൂന്നാം നമ്പറുമായ ചെൻ യൂഫെയെ നേരിട്ടുള്ള ഗെയിമുകൡ കെട്ടുകെട്ടിച്ചാണ് സിന്ധു തുടർച്ചയായ മൂന്നാം തവണ ലോക ബാഡ്മിൻൺ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. യുഫെയിയെ 21-7, 21-14 ന് സിന്ധു അനായാസം തകർത്തുവിടുകയായിരുന്നു.