കൊച്ചി- ഓട്ടോയില്‍ യാത്ര ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. എടവനക്കാട് വാച്ചാക്കല്‍ സ്വദേശി നെച്ചുപറമ്പില്‍ സലീമി(47) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞു വൈകുന്നേരം എറണാകുളത്തു നിന്നും വടുതലയിലെ വീട്ടിലേക്കു ഓട്ടോയില്‍ യാത്ര ചെയ്യവേ ഇയാള്‍ കുട്ടിയെ പല മാജിക്കുകളും കാണിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെട്ടെന്നുള്ള ഇയാളുടെ പ്രവൃത്തിയില്‍ പതറിയെങ്കിലും വീട്ടിലെത്തി വിവരം അമ്മയോടു പറയുകയും പെണ്‍കുട്ടി അച്ഛനെയും കൂട്ടി നോര്‍ത്ത് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുകയും, നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയുമാണ് ഇയാളെ പിടികൂടിയത്. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.