ന്യൂയോര്‍ക്ക് - മുന്‍ ഒന്നാം നമ്പര്‍ താരങ്ങളും ബദ്ധവൈരികളുമായ സെറീന വില്യംസും മരിയ ഷരപോവയും തമ്മിലുള്ള ആദ്യ റൗണ്ട് പോരാട്ടത്തോടെ യു.എസ് ഓപണ്‍ ടെന്നിസ് തുടങ്ങും. സെറീനക്കെതിരെ സമീപകാലത്തൊന്നും ജയിക്കാന്‍ ഷരപോവക്കു സാധിച്ചിട്ടില്ല. 2004 ലായിരുന്നു അവസാന ജയം. 21 തവണ പരസ്പരം കളിച്ചതില്‍ പത്തൊമ്പതിലും സെറീനക്കായിരുന്നു വിജയം. യു.എസ് ഓപണില്‍ ഇരുവരും ഇതുവരെ ഏറ്റുമുട്ടിയിട്ടുമില്ല. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണില്‍ പ്രി ക്വാര്‍ട്ടറില്‍ കളിക്കേണ്ടതായിരുന്നു. എന്നാല്‍ പരിക്കേറ്റ് സെറീന പിന്മാറി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഈ മത്സരം.
ഡെനിസ് ഷാപോവ്‌ലോവും ഫെലിക്‌സ് ഓഗര്‍ അലിയസിമെയും തമ്മിലുള്ള പോരാട്ടം രണ്ട് മികച്ച യുവതാരങ്ങളുടെ കൊമ്പുകോര്‍ക്കലാവും. കാനഡ വലിയ പ്രതീക്ഷ വെക്കുന്നവരാണ് ഇരുവരും. കഴിഞ്ഞ തവണയും ഇവര്‍ തമ്മിലായിരുന്നു ആദ്യ റൗണ്ട് പോരാട്ടം. ആദ്യ രണ്ടു സെറ്റുകള്‍ ഇരുവരും പങ്കുവെച്ച ശേഷം അന്ന് പരിക്കേറ്റ് അലിയസിമെ പിന്മാറുകയായിരുന്നു. അടുത്ത സുഹൃത്തായ അലിയസിമെയെ ഷാപോവ്‌ലോവ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
അരിയാന സെബലെങ്കയും വിക്ടോറിയ അസരെങ്കയും തമ്മിലാണ് മറ്റൊരു ആദ്യ റൗണ്ട് മത്സരം. ഇരുവരും ബെലാറൂസുകാരാണ്. പക്ഷെ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. അസരെങ്ക മുന്‍ ഒന്നാം നമ്പറാണ്. എന്നാല്‍ സബലെങ്കയാണ് ഇപ്പോള്‍ ലോക ഒമ്പതാം നമ്പര്‍. അസരെങ്ക പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രം.