റിയാദ്- വംശീയ വിവേചനം കാണിച്ച അമേരിക്കൻ എയർലൈൻസ് വിമാന കമ്പനിക്കെതിരെ സൗദി ഡോക്ടർ അമേരിക്കൻ കോടതിയിൽ കേസ് നൽകി. ഭാര്യയെ സന്ദർശിക്കുന്നതിന് മിയാമിയിൽ നിന്ന് വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സൗദി ഡോക്ടർ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വെച്ച് വംശീയ വിവേചനത്തിന് ഇരയായത്. വിമാനം പറന്നുയരുന്നതിന് മിനിറ്റുകൾക്കു മുമ്പ് വിമാനത്തിനകത്ത് എമർജൻസി പ്രഖ്യാപിക്കുകയും സൗദി ഡോക്ടറെ വിമാനത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറക്കുകയുമായിരുന്നു. ഒരു മണിക്കൂർ നേരം ഡോക്ടറെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ദീർഘ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സൗദി ഡോക്ടർ യാതൊരുവിധ സുരക്ഷാ ഭീഷണികളും സൃഷ്ടിക്കുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
വിമാനത്തിൽ സൗദി ഡോക്ടർക്ക് സമീപം ഇരുന്ന യാത്രക്കാരി ഡോക്ടറെ കുറിച്ച് എയർ ഹോസ്റ്റസിനോട് പരാതിപ്പെടുകയായിരുന്നു. ഭാര്യയുമായി ഫോണിൽ സംസാരിച്ച ഡോക്ടർ മറുവശത്ത് വെച്ച് നമുക്ക് കണ്ടുമുട്ടാമെന്ന് പറയുന്നത് കേട്ട സഹയാത്രക്കാരി സൗദി പൗരൻ ഭീഷണിയാണെന്നാണ് എയർ ഹോസ്റ്റസിനെ അറിയിച്ചത്.
സൗദി ഡോക്ടർ ഭാര്യയുമായി നടത്തിയ സംസാരം തെറ്റായി മനസ്സിലാക്കിയ യാത്രക്കാരി പരാതി നൽകുകയായിരുന്നെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. തന്റെ കക്ഷിയെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. അതേ വിമാനത്തിൽ യാത്ര ചെയ്യുന്നതിന് അദ്ദേഹത്തെ അനുവദിച്ചില്ല. മറ്റൊരു വിമാനത്തിൽ പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിന് അഞ്ചു മണിക്കൂർ നേരം കാത്തിരിക്കുന്നതിന് തന്റെ കക്ഷി നിർബന്ധിതനായെന്നും അഭിഭാഷകൻ പറഞ്ഞു.
തന്റെ കക്ഷി ഒരുവിധ ഭീഷണിയും സൃഷ്ടിച്ചിരുന്നില്ല. സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിധ ഭീതിയും തന്റെ കക്ഷി ഉയർത്തിയിരുന്നുമില്ല. രൂപഭാവവും മതവും കാരണമാണ് വംശീയ വിവേചനത്തോടെ തന്റെ കക്ഷിയോട് അധികൃതർ പെരുമാറിയത്. നീതിപൂർവമായ പെരുമാറ്റം തന്റെ കക്ഷിക്ക് ലഭിച്ചില്ല. സൗദി ഡോക്ടറുടെ പേര് വിമാന യാത്രക്ക് വിലക്കേർപ്പെടുത്തിയവരുടെയും പ്രത്യേകം നിരീക്ഷിക്കേണ്ടവരുടെയും രഹസ്യ പട്ടികയിൽ ഉൾപ്പെടുത്തുമായിരുന്നു എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അഭിഭാഷകൻ പറഞ്ഞു.