ദുബായ്- പത്തൊമ്പത് കോടി രൂപയുടെ വെട്ടിപ്പില്‍ അജ്മാന്‍ ജയിലില്‍ കിടക്കേണ്ടി വന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി ഒത്തുതീര്‍പ്പിന്. വെള്ളിയാഴ്ച ഇരുവരും ചര്‍ച്ച നടത്തി. കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കാന്‍ ധാരണയായി.
തുഷാറിന്റെ ക്ഷണപ്രകാരം നാസില്‍ രാവിലെ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ എത്തുകയായിരുന്നു. വീണ്ടും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്തുമെന്നു തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ തമ്മില്‍ വിരോധമോ തെറ്റിദ്ധാരണയോ ഇല്ല. അദ്ദേഹത്തിന് ഉണ്ടായിട്ടുള്ള വിഷമങ്ങളെ തുടര്‍ന്നാണ് കേസ് നല്‍കാനുള്ള തീരുമാനമെടുക്കേണ്ടി വന്നത്. ഇവിടെ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് എന്റെ തലേലെഴുത്തായിരിക്കാം. അതിന് കാരണക്കാരന്‍ നാസിലാണെന്നതു കൊണ്ട് അദ്ദേഹത്തോട് ശത്രുത പുലര്‍ത്തേണ്ട ആവശ്യമില്ല. തന്റെ വിഷമാവസ്ഥയില്‍ ഇങ്ങനെയൊരു കാര്യം ചെയ്തുപോയി എന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യ ഘട്ട ചര്‍ച്ചയാണ് നടന്നത്. ഉണ്ടായ പ്രശ്‌നങ്ങള്‍ വരും ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന് രണ്ടുപേര്‍ക്കും ബുദ്ധിമുട്ടാകാത്ത തരത്തില്‍ പൂര്‍ണമായും പരിഹരിക്കും. ഒരു സുഹൃത്തെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബിസിനസ് നന്നാക്കിയെടുക്കാന്‍ താന്‍ സഹായിക്കുമെന്നും തുഷാര്‍ പറഞ്ഞു.