തിരുവനന്തപുരം- ദുബായ് ജയിലിലുള്ള മറ്റ് പ്രതികളെ പോലെയല്ല തുഷാർ വെള്ളാപ്പള്ളിയെന്നും ബി.ജെ.പിക്ക് വേണ്ടിയും ഇടപെടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും മന്ത്രി ഇ.പി ജയരാജൻ. തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്നും തുഷാറിൽ ആരോപിക്കുന്ന കുറ്റമല്ല ദുബായിലെ ജയിലിൽ കിടക്കുന്ന മറ്റു മലയാളികൾ ചെയ്തതെന്നും ഇ.പി ജയരാജൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിലും മറ്റ് സംഭവങ്ങളിലും അസ്വാഭാവികത കാണുന്നുണ്ട്. തുഷാർ വെള്ളാപ്പള്ളി അവിടെ പോയപ്പോഴാണ് ചതിക്കുഴിയിൽ വീണത്. കാണുന്ന ആർക്കും അതിലൊരു അസ്വാഭാവികത തോന്നുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിന് പകരം പ്രശംസിക്കുകയാണ് വേണ്ടതെന്ന്് ജയരാജൻ പറഞ്ഞു.
ബി.ജെ.പിക്ക് വേണ്ടിയും ഇടപെടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത്. അതിൽ തെറ്റ് കാണാനില്ല. ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത്. എല്ലാ മനുഷ്യരുടേയും സംരക്ഷണവും നീതിയും ഉറപ്പു വരുത്തുന്ന തരത്തിലായിരിക്കണം ഒരു മുഖ്യമന്ത്രിയുടെ ദൗത്യമെന്നും ഇ.പി ജയരാജൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചത്.
പത്തു വർഷം മുമ്പ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിലെ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് തുഷാറിനെതിരെ പരാതി നൽകിയത്. അറസ്റ്റിലായ തുഷാറിന് പിന്നീട് പണം കെട്ടിവെച്ച് ജാമ്യം ലഭിക്കുകയായിരുന്നു.