Sorry, you need to enable JavaScript to visit this website.

45 കഴിഞ്ഞാൽ പിരിച്ചുവിടണം; സൗദി പ്രവാസികളുടെ ഉറക്കം കെടുത്താൻ വീണ്ടും വ്യാജ വാർത്ത 

റിയാദ് - ആശ്രിത ലെവിയും സൗദിവൽക്കരണ പദ്ധതികളും അടക്കം തൊഴിൽ വിപണി പുതിയ പരിഷ്‌കാരങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നതോടൊപ്പം തന്നെ വിദേശികളുടെ നെഞ്ചിടിപ്പ് കൂട്ടുകയോ പ്രത്യാശ നൽകുകയോ ചെയ്യുന്ന വ്യാജ വാർത്തകളും ദിനംപ്രതി പ്രചരിക്കുന്നു. 
ഏറ്റവും ഒടുവിൽ 45 വയസ് പൂർത്തിയാകുന്ന മുറക്ക് സ്വകാര്യ മേഖലാ ജീവനക്കാരായ വിദേശികളെ പിരിച്ചുവിടുന്ന പുതിയ വ്യവസ്ഥ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചു എന്ന കിംവദന്തിയാണ് പ്രചരിക്കുന്നത്. 
ആശ്രിത ലെവി നിലവിൽവന്നതിന്റെ പിറ്റേ ദിവസം തന്നെ ലെവി റദ്ദാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടതായി റോയൽ കോർട്ടിനെ ഉദ്ധരിച്ച് വ്യാജ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യഥാർഥ വാർത്തയെന്ന് തോന്നിപ്പിക്കുന്ന മേമ്പൊടികളുമായാണ് ചില വിരുതന്മാർ കിംവദന്തികൾ പ്രചരിപ്പിക്കുന്നത്. 

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ 45 വയസ് പൂർത്തിയാകുന്ന മുറക്ക് പിരിച്ചുവിടുന്ന നിയമം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശക്തമായ നീക്കങ്ങൾ ആരംഭിച്ചതായി പുതിയ കിംവദന്തി പറയുന്നു. രാജ്യത്തിന് ആവശ്യമായ വിദഗ്ധരെയും പരിചയസമ്പന്നരെയും ഇതിൽ നിന്ന് ഒഴിവാക്കുമെന്നും വ്യാജ വാർത്തയിലുണ്ട്. ഇതേ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ബന്ധപ്പെട്ട കമ്മിറ്റികളും പഠിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പുതിയ തീരുമാനമോ നിയമമോ വൈകാതെ പ്രഖ്യാപിക്കുമെന്നും അഭിജ്ഞ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വ്യാജ വാർത്ത പറഞ്ഞു. 

45 വയസ് പൂർത്തിയാകുന്ന മുറക്ക് വിദേശികളെ പിരിച്ചുവിടുന്ന നിയമമോ തീരുമാനമോ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ മാനവശേഷി കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. അമൽ അസ്അദ് ശീറ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് പുതുരക്തം നൽകുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും വിദേശ തൊഴിലാളികളുടെ പ്രയാം 30 മുതൽ 45 വരെയായി നിർണയിക്കണം. സൗദി തൊഴിൽ വിപണിക്ക് ആവശ്യമായ വിരളവും അപൂർവവുമായ സ്‌പെഷ്യലിസ്റ്റുകളെ സൗദിയിൽ തന്നെ നിലനിർത്തുന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കണം. 45 വയസ് പിന്നിട്ട 40 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. വിദേശികളുടെ സൗദിയിലെ പരമാവധി തൊഴിൽ കാലം 15 വർഷമായി നിജപ്പെടുത്തണം. പരിചയസമ്പത്തും അറിവും സൗദികൾക്ക് കൈമാറുന്നതിന് വിദേശികളെ നിർബന്ധിക്കുന്ന വ്യവസ്ഥയും നടപ്പാക്കണം. അഞ്ചു സൗദികൾക്ക് വീതം പരിചയസമ്പത്ത് കൈമാറുന്നതിന് വിദഗ്ധ തൊഴിലാളികളായ വിദേശികളെ നിർബന്ധിക്കണം. ഇത് പാലിക്കാത്ത പക്ഷം വിദേശികളുടെ വേതനം കുറക്കുന്നതോടൊപ്പം വർക്ക് പെർമിറ്റും ഇഖാമയും പുതുക്കുന്നതിന് അനുവദിക്കാനും പാടില്ല. സൗദി അറേബ്യക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ ഇതിൽ നിന്ന് ഒഴിവാക്കണം. ഇത്തരക്കാരുടെ സേവന കാലം ദീർഘിപ്പിക്കുന്നതിനുള്ള കാരണം പ്രത്യേകം വ്യക്തമാക്കണം. സാദാ തൊഴിൽ മേഖലകളിലെ വിദഗ്ധർക്ക് പരമാവധി അഞ്ചു വർഷവും കൺസൾട്ടന്റുമാർക്ക് പരമാവധി പത്തു വർഷവും വരെ ഇങ്ങനെ സേവന കാലം നീട്ടിനൽകാമെന്നും ഡോ. അമൽ അസ്അദ് ശീറ നിർദേശിച്ചതായി സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വാർത്തിയിൽ പറയുന്നു. 


 

Tags

Latest News