Sorry, you need to enable JavaScript to visit this website.

ചെക്ക് മോഷ്ടിച്ചതല്ല, കരാറില്‍ രേഖപ്പെടുത്തിയത്- നാസില്‍ അബ്ദുല്ല

ദുബായ്- ബിസിനസ് നടത്തുമ്പോള്‍ പണത്തിന്റെ സുരക്ഷക്കായി തുഷാര്‍ നല്‍കിയ ചെക്കാണ് താന്‍ പോലീസിന് നല്‍കിയതെന്നും അത് മോഷ്ടിച്ച ചെക്ക് അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്ത തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല.
തങ്ങള്‍ തമ്മിലുള്ള കരാറില്‍ ഈ ചെക് നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോഷ്ടിച്ചതാണെങ്കില്‍ അതെങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
തുഷാര്‍ നല്‍കാനുള്ള പണം കിട്ടുമെന്ന് കരുതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ചെക്ക് നല്‍കി പല കമ്പനികളില്‍നിന്നും സാധനങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്തിരുന്നു. തുഷാര്‍ വഞ്ചിച്ചതോടെ, ഈ ചെക്കുകള്‍ പണമില്ലാതെ മടങ്ങി. ഇതുമൂലം തനിക്കെതിരെ ആറോളം ചെക്ക് കേസുകളുണ്ടായി. ഈ കേസില്‍ ആറുമാസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നതായും നാസില്‍ അബ്ദുല്ല പറഞ്ഞു.
താന്‍ ജയിലില്‍ കിടക്കുമ്പോള്‍ ആരും സഹായിക്കാന്‍ വന്നില്ല. താന്‍ പ്രിവിലേജ്ഡ് വിഭാഗത്തില്‍ പെടുന്നയാള്‍ അല്ലാത്തതിനാലായിരിക്കും ഇതെന്ന് തുഷാറിനെ ദിവസങ്ങള്‍ക്കകം ജാമ്യത്തിലിറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാമര്‍ശിച്ച് നാസില്‍ പറഞ്ഞു. വേറെ പലര്‍ക്കും ഇതുപോലെ തുഷാര്‍ പണം നല്‍കാനുള്ളതായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അധികാരമുള്ളവര്‍ ശക്തരാണെന്നും അവര്‍ക്കായിരിക്കും പിന്തുണ കിട്ടുകയെന്നും നാസില്‍ പറഞ്ഞു. ഇവരെല്ലാം വലിയ മീനുകളാണ്. വലിയ വലകള്‍ ഇവര്‍ക്ക് പൊട്ടിക്കാന്‍ കഴിയും. നമ്മള്‍ സാധാരണക്കാരനാണ്. അതിനാല്‍ തന്നെ തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും നാസില്‍ പറഞ്ഞു.

 

 

Latest News