Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആറു പേര്‍ മരിച്ച വാഹനാപകടക്കേസില്‍ ഡ്രൈവറുടെ വധശിക്ഷ ഒഴിവായി; അപ്പീല്‍ നല്‍കുമെന്ന് ബന്ധുക്കള്‍

ബുറൈദ - അൽബദായിഇൽ കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെട്ട വാഹനാപകടത്തിന് കാരണക്കാരനായ ഡ്രൈവറെ ഉനൈസ കോടതി ഒമ്പതു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് ആയിരം ചാട്ടയടി നൽകുന്നതിനും വിധിയുണ്ട്. പത്തു ദിവസത്തിൽ കുറയാത്ത ഇടവേളകളിൽ 50 ചാട്ടയടി വീതമായാണ് ശിക്ഷ നടപ്പാക്കേണ്ടതെന്ന് കോടതി ഉത്തരവിട്ടു.  അപകടത്തിൽ മരണപ്പെട്ട രണ്ടാമത്തെ കാറിലെ മൂന്നു യാത്രക്കാരുടെ ആശ്രിതർക്ക് പ്രതി ദിയാധനം നൽകണമെന്നും വിധിയുണ്ട്. 


മരണപ്പെട്ട ഓരോരുത്തർക്കും മൂന്നു ലക്ഷം റിയാൽ തോതിലാണ് ആശ്രിതർക്ക് ദിയാധനം നൽകേണ്ടത്. മരണപ്പെട്ട ആദ്യത്തെ കാറിലെ യാത്രക്കാരുടെ ആശ്രിതർക്കും ദിയാധനം തേടുന്നതിന് അവകാശമുണ്ടാകുമെന്ന് കോടതി വിധിച്ചു. 
അബദ്ധത്തിൽ ആളുകളെ കൊലപ്പെടുത്തിയതിന് പ്രായശ്ചിത്തമെന്നോണം അപകടത്തിൽ മരണപ്പെട്ട ഓരോരുത്തർക്കും പകരം ഓരോ വിശ്വാസിയുടെ ജീവൻ രക്ഷിക്കണമെന്നും ഇതിന് സാധിക്കാത്ത പക്ഷം അപകടത്തിൽ മരണപ്പെട്ട ഓരോരുത്തർക്കും പകരം രണ്ടു മാസം വീതം തുടർച്ചയായി വ്രതമനുഷ്ഠിക്കണമെന്നും പ്രതിയെ കോടതി ബോധ്യപ്പെടുത്തി.  


പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ മരണപ്പെട്ട ആദ്യ കാറിലെ യാത്രക്കാരുടെ ആശ്രിതർ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മേൽകോടതിയിൽ അപ്പീൽ നൽകുന്നതിന് ഇവർ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കീഴ്‌കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ബുറൈദ അപ്പീൽ കോടതി ഇത് റദ്ദാക്കി കേസ് പുനർവിചാരണക്കായി ഉനൈസ കോടതിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു. ആദ്യം കേസ് പരിശോധിച്ചവരല്ലാത്ത മറ്റു ജഡ്ജിമാർ അടങ്ങിയ ബെഞ്ചാണ് രണ്ടാമത് കേസ് വിചാരണ ചെയ്ത് വിധി പ്രസ്താവിച്ചത്. രണ്ടര വർഷം മുമ്പ് 2017 ജനുവരി രണ്ടിന് രാത്രി എട്ടരക്കാണ് കേസിനാസ്പദമായ വാഹനാപകടമുണ്ടായത്. 2018 ഫെബ്രുവരി 28 ന് കേസിൽ ഉനൈസ കോടതി ആദ്യ വിധി പ്രസ്താവിച്ചു. പ്രതിക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. 2018 നവംബർ നാലിന് അപ്പീൽ കോടതി വധശിക്ഷ റദ്ദാക്കി പുനർവിചാരണക്ക് കേസ് ഫയൽ കീഴ്‌കോടതിയിലേക്കു തന്നെ തിരിച്ചയച്ചു. 

 

Latest News