റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിനു (സൗദിയ) കീഴിലെ എയർ ഹോസ്റ്റസുമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ട് രണ്ടു എയർഹോസ്റ്റസുമാർ മരിച്ചു. പന്ത്രണ്ടു പേർക്ക് പരിക്കേറ്റു. ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് താമസസ്ഥലത്തു നിന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിലേക്ക് പോകുന്നതിനിടെയാണ് എയർ ഹോസ്റ്റസുമാർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്. എയർ ഹോസ്റ്റസുമാരുടെ ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. ബസിനകത്ത് കുടുങ്ങിയ ഏതാനും എയർ ഹോസ്റ്റസുമാരെ സിവിൽ ഡിഫൻസ് അധികൃതരാണ് പുറത്തെടുത്തിയത്.റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ അൽമുവാസാത്ത് ആശുപത്രിയിലും കിംഗ്ഡം ആശുപത്രിയിലും രിആയത് അൽറിയാദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുനീഷ്യ, ഫിലിപ്പൈൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള എയർഹോസ്റ്റസുമാരാണ് മരിച്ചത്. ബസ് ഡ്രൈവറുടെയും ബോസ്‌നിയക്കാരിയായ മറ്റൊരു എയർ ഹോസ്റ്റസിന്റെയും പരിക്ക് അതീവ ഗുരുതരമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.