തലശ്ശേരി - കനത്ത മഴയിൽ വെളളം കയറിയ വീടുകൾ ശുചീകരിക്കാൻ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടി.പി.ചന്ദ്രശേഖരന്റെ പടം കണ്ടതോടെ ശുചീകരണം നടത്താതെ മടങ്ങിയതായി പരാതി. ചൊക്ലി ഒളവിലം രാമകൃഷ്ണ ഹൈസ്‌ക്കൂളിനു സമീപത്തെ വേട്ടുവർ കുനിയിൽ സജീവന്റെ വീടാണ് ശുചീകരിക്കാതെ മാറ്റി വെച്ചത്. വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരം ഓരോ പ്രദേശങ്ങൾ രാഷ്ട്രീയ സന്നദ്ധ സംഘടനകൾ ശുചീകരിക്കാൻ നിശ്ചയിച്ചതായിരുന്നു. സജീവന്റെ വീട്ടിലെത്തി ശുചീകരണം ആരംഭിക്കുകയും ചെയ്തു. വീടിനകത്ത് കയറിയ ഉടൻ ടി.പി.ചന്ദ്രശേഖരന്റെ പടം കണ്ടതും സംഘം ദേഷ്യപ്പെട്ട് മടങ്ങുകയായിരുന്നുവെന്ന് സജീവൻ പറഞ്ഞു. ദുരന്തമുഖത്തും മഹാദുരന്തമായി ഇങ്ങനെ ചിലർ ഇപ്പോഴുമുണ്ടോ എന്നോർത്ത് ഞെട്ടിപ്പോയെന്ന് സജീവൻ പറഞ്ഞു.
ഇതിനെ തുടർന്ന് വില്ലേജ് ഓഫീസർക്കു പരാതി നൽകുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടു ശുചീകരിക്കുകയുമായിരുന്നു. ദുരന്ത മുഖത്തും ടി.പി.യോടുള്ള പക മനസ്സിൽ നിന്ന് സി.പി.എമ്മുകാർക്ക് പോയില്ലല്ലോ എന്ന് മൂക്കത്ത് വിരൽ വെക്കുകയാണ് വാർത്ത കേട്ടവർ.