അജ്മാന്‍- പണമില്ലാത്ത ചെക്കു നല്‍കി വഞ്ചിച്ചുവെന്ന കേസില്‍ യുഎഇയിലെ അജ്മാനില്‍ പിടിയിലായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചുവെങ്കിലും ഉടന്‍ യുഎഇ വിടാന്‍ കഴിയില്ല. തുഷാറിന്റെ പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണ്. തുഷാറിന്റെ പേരില്‍ സിവില്‍ കേസ് നിലവിലുണ്ട്. അതിനാല്‍ ഇപ്പോള്‍ രാജ്യം വിട്ടു പോകാനാവില്ല. ഇതു നിയമപരമായി നേരിടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. വഞ്ചനാ കേസില്‍ ജാമ്യം അനുവദിച്ച വ്യവസ്ഥകള്‍ ഇപ്പോഴും വ്യക്തമല്ല. ജാമ്യത്തിന് സഹായിച്ചത് പ്രവാസി വ്യവസായി എം എ യുസഫലിയാണ്.
ബിസിനസ് പങ്കാളിയായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല തുഷാറിനെതിരെ പരാതിയെ തുടര്‍ന്നാണ് ബുധനാഴ്ച അജ്മാനിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷം മുമ്പ് തുഷാര്‍ നാസിലിനു നല്‍കിയ 10 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്നാണ് നാസില്‍ പരാതി നല്‍കിയത്.