ഫുജൈറ- യുഎഇയില്‍ അസാധാരണ കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി അറബ് യുവതി കോടതിയെ സമീപിച്ചു. ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന സ്‌നേഹം കൂടിപ്പോയതാണ് യുവതിയെ വിവാഹ മോചനത്തിന് പ്രേരിപ്പച്ചത്. ഭര്‍ത്താവ് വീട്ടു ജോലികളില്‍ സഹായിക്കുകയാണെന്നും തന്നെ ചീത്ത വിളിക്കുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കണമെന്നുമാണ് ഫുജൈറയിലെ ശരീഅ കോടതിയില്‍ സമര്‍പിച്ച പരാതിയില്‍ യുവതി പറയുന്നത്. അദ്ദേഹം ഒരിക്കലും എന്നോട് ആക്രോശിക്കുകയോ എന്റെ ആവശ്യങ്ങള്‍ നിരസിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ സ്‌നേഹവും അനുകമ്പയും എല്ലാത്തിനും മുകളിലാണ്- യുവതി കോടതിയില്‍ പറഞ്ഞു.
ഈ തീവ്ര സ്‌നേഹത്തിലും വാത്സല്യത്തിലും ഞാന്‍ വീര്‍പ്പുമുട്ടുകയാണ്. ഞാന്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ വീടു വൃത്തിയാക്കല്‍ ജോലിയില്‍ അദ്ദേഹം എന്നെ സഹായിക്കുന്നു. പലപ്പോഴും ഭക്ഷണം പാചകം ചെയ്തു തരികയും ചെയ്യും. ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിനിടെ ഒരിക്കല്‍ പോലും ഭര്‍ത്താവ് എന്നോട് തര്‍ക്കിച്ചിട്ടില്ല. അത്രത്തോളം ദയാലുവാണ്. ഭര്‍ത്താവിന്റെ ഈ പെരുമാറ്റം തന്റെ ജീവിതം നരകതുല്യമാക്കിയെന്നും യുവതി കോടതിയില്‍ പറഞ്ഞു.
ഭര്‍ത്താവുമായി അടിപിടി ഉണ്ടാകുന്ന ഒരു ദിവസത്തിനു വേണ്ടി ഞാന്‍ അതീവ താല്‍പര്യത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും നടക്കില്ലെന്ന് ബോധ്യപ്പെട്ടു. ദിവസവും സമ്മാനങ്ങള്‍ കൊണ്ടു വന്നും വീഴ്ചകളോട് ക്ഷമിച്ചും പ്രണയാതുരനായ തന്റെ ഭര്‍ത്താവ് സ്‌നേഹം ചൊരിഞ്ഞ് കൊണ്ടേയിരുന്നു. എനിക്കു വേണ്ടത് അനുസരണ മാത്രം നിറഞ്ഞ ഈ ജീവതമല്ല. ഒരു കാര്യപ്പെട്ട ചര്‍ച്ചയോ ഒരു വാക്കുതര്‍ക്കമോ ആവശ്യമാണ്- യുവതി വിശദമാക്കുന്നു.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഭാര്യയുടെ വിവാഹ മോചന പരാതിയോട് ഭര്‍ത്താവ് പ്രതികരിച്ചത്. 'അവളെ ഒന്നു നിരാശപ്പെടുത്താനും അവളുടെ എന്തെങ്കിലും ആവശ്യങ്ങല്‍ നിരസിക്കാനും എല്ലാരും എന്നെ ഉപേദശിച്ചു കൊണ്ടിരുന്നു. പക്ഷെ നല്ലൊരു ഭര്‍ത്താവാന്‍ ആഗ്രഹിച്ച ഞാനത് ചെയ്തില്ല,' അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവിന്റെ ഭാരക്കൂടുതലിനെ കുറിച്ച് ഒരിക്കല്‍ ഭാര്യ പരാതിപ്പെട്ടിരുന്നു. ഇതോടെ ഭക്ഷണക്രമം മാറ്റി കഠിന പരിശ്രമത്തിലൂടെ ഭര്‍ത്താവ് തടി കുറക്കുകയും ചെയ്തിരുന്നു. വ്യായാമത്തിനിടെ എനിക്ക് കൈ ഒടിയുക പോലും ചെയ്‌തെന്നും ഭര്‍ത്താവ് പറയുന്നു. വിവാഹ മോചന പരാതി പിന്‍വലിക്കാന്‍ തന്റെ ഭാര്യയെ ഉപദേശിക്കണമെന്ന് ഭര്‍ത്താവ് കോടതിയോട് അപേക്ഷിച്ചു. ഒരു വിവാഹ ബന്ധം ഒരു വര്‍ഷം കൊണ്ടു വിലയിരുത്തുന്ന് ന്യായീകരിക്കാനാവില്ല. എല്ലാവരും അവരുടെ വീഴ്ചകളില്‍ നിന്നാണ് പഠിക്കുന്നത്. വിവാഹ മോചന പരാതി ഒത്തു തീര്‍പ്പാക്കാന്‍ ദമ്പതികള്‍ക്കു സമയം നല്‍കി കോടതി കേസ് മാറ്റിവെച്ചു.