അജ്മാന്‍- ബിസിനസ് പങ്കാളിക്കു നല്‍കിയ പത്തു ലക്ഷം ദിര്‍ഹമിന്റെ (19.5 കോടി രൂപ) ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്നാണ് ബിജെഡിഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം യുഎഇയില്‍ അറസ്റ്റിലായത്. പത്തു വര്‍ഷം മുമ്പാണ് ഈ ചെക്ക് തുഷാര്‍ തന്റെ ബിസിനസ് പങ്കാളിയായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയ്ക്കു നല്‍കിയത്. അജ്മാനില്‍ തുഷാറിനുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ ഉപകരാറുകാരായിരുന്നു നാസിലിന്റെ കമ്പനി. ഈ ഇടപാടില്‍ പത്തു ലക്ഷം ദിര്‍ഹം നാസിലിനു നല്‍കാനുണ്ടായിരുന്നു. കമ്പനി നഷ്ടത്തിലായതോടെ ബാധ്യത തീര്‍ക്കാന്‍ പത്തു വര്‍ഷം മുമ്പ് കമ്പനി തുഷാര്‍ നാസിലിനു കൈമാറുകയായിരുന്നു. ഈ ഇടപാടില്‍ തീയതി വെക്കാതെ 10 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് നാസിലിനു തുഷാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ ചെക്ക് പണമില്ലാതെ മടങ്ങിയതാണ് വിനയായത്.
തുഷാറില്‍ നിന്ന് പണം ലഭിക്കാതെ വന്നതോടെ ഈയിടെയാണ് നാസില്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനെ കുറിച്ച് തുഷാറിന് അറിയില്ലായിരുന്നു. ഒത്തു തീര്‍പ്പു ചര്‍ച്ചയ്‌ക്കെന്ന പേരില്‍ നാസില്‍ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അജ്മാനില്‍ ഹോട്ടലില്‍ വച്ചാണ് പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലിലേക്കു മാറ്റി. ഇനി മോചനം സാധ്യമാകണമെങ്കില്‍ ഒന്നുകില്‍ പണം അടക്കുകയോ നാസില്‍ പരാതി പിന്‍വലിക്കുകയോ വേണം. പത്തു വര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് നിയമ സാധുത ഇല്ലെന്നാണ് തുഷാറിന്റെ വാദം. തുഷാര്‍ ജാമ്യത്തിനായുള്ള സജീവ ശ്രമങ്ങള്‍ നടത്തിവരികയാണ്. വൈകാതെ മോചിതനാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
തുഷാറിന്റെ മോചനത്തിന് ശ്രമം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ ബിജെഡിഎസ് ഉന്നതര്‍ ബിജെപി നേതാവും മലയാളിയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ബന്ധപ്പെട്ടിട്ടുണ്ട്.