തിരൂര്‍- സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമി ഏറ്റെടുക്കും. തിരൂർ വാണിയന്നൂരിലെ കെ എം ബഷീറിന്റെ വസതി സന്ദർശിച്ച ശേഷം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി അറിയിച്ചതാണ് ഇക്കാര്യം.
സത്യത്തിന്റെ പക്ഷത്തുനിന്ന് മാതൃകാപരമായ മാധ്യമ പ്രവർത്തനം കാഴ്ചവെച്ച പ്രതിഭയായിരുന്നു കെ എം ബഷീർ. ബഷീറിന്റെ മരണം കൊലപാതകമാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കണം. കുറ്റവാളിയെ നിരപരാധിയാക്കി കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക. കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള ഗൂഢാലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ തന്നെ നടക്കുന്നുണ്ട്. കാര്യക്ഷമമായി അന്വേഷണം നടത്തുമെന്ന സർക്കാരിന്റെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.