അജ്മാൻ- ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മോചിപ്പിക്കാൻ തീവ്രശ്രമം. ഇന്ന് തന്നെ തുഷാറിനെ മോചിപ്പിക്കാനാണ് നീക്കം നടക്കുന്നത്. തുഷാറിനെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തുഷാറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് നിയമപരമായ മാർഗത്തിലൂടെ അദ്ദേഹത്തെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ വൈികട്ടാണ് പത്ത് ദശലക്ഷം ദിർഹത്തിന്റെ(19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.ഇയിലെ കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. ദുബായ് രാജ്യാന്തര വിമാനതാവളത്തിൽനിന്ന് കസ്റ്റിഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാൻ പോലീസിന് കൈമാറുകയായിരുന്നു.
എസ്.എൻ.ഡി.പിയുടെ പോഷക സംഘടനകളായ സേവനം, എസ്.എൻ.ഡി.പി യോഗം സേവനം തുടങ്ങിയവയുടെ ഭാരവാഹികൾ പോലും ഇക്കാര്യം അറിഞ്ഞില്ല. വലിയ തുകയുടെ ചെക്ക കേസായതിനാൽ ജാമ്യം ലഭിക്കുക പ്രയാസമാണ്. ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം കെട്ടിവെക്കുകയും തുഷാറിന്റെയും മറ്റൊരാളുടെയും പാസ്‌പോർട്ട് കെട്ടിവെക്കുകയും ചെയ്‌തെങ്കിൽ മാത്രമേ ജാമ്യം ലഭിക്കൂ.